വാസ്തുശൈലിയും ചുവർ ചിത്രങ്ങളും കേരളത്തിൻറെ തനതായ പാരമ്പര്യത്തിൽ നിറഞ്ഞുനിൽക്കുന്നതാണ്. ആലപ്പുഴ ജില്ലയിലെ കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം ഇതിൻറെ ഉത്തമ ഉദാഹരണമാണ്. പഴയ ഓടനാടാണ് ഇന്നത്തെ കായംകുളം.കേരളത്തിലെ ഏറ്റവും വലിയ ചുവർ ചിത്രമായ ഗജേന്ദ്രമോക്ഷം എന്ന ചുവർ ചിത്രം കൃഷ്ണപുരം കൊട്ടാരത്തിലാണ് ആ ലേഖനം ചെയ്തിരിക്കുന്നത്.

തിരുവിതാംകൂർ മഹാരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ പണിത കൊട്ടാരമാണിത്. ശ്രീപത്മനാഭ കൊട്ടാരത്തിന്റെ ചെറിയ മാതൃകയിലാണ് കൃഷ്ണപുരം കൊട്ടാരവും പണിതിരിക്കുന്നത്. മാർത്താണ്ഡവർമ്മയുടെ വേനൽക്കാല വസതിയായിരുന്നു എന്നു പറയുന്നു. കൃഷ്ണപുരം കൊട്ടാരത്തിന്റെ വെളിയിലായി ഒരു ബുദ്ധ പ്രതിമയുണ്ട്. ഒരുപാട് ചരിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്ന തെളിവുകളിൽ ഒന്നാണിത്. മനോഹരമായ പൂന്തോട്ടം ഇതിനു സമീപത്തായി ഉണ്ട്. ഇത് കഴിഞ്ഞ് കൊട്ടാരത്തിലേക്ക് ചെല്ലുമ്പോൾ കേരളത്തിൻറെ തനതായ വാസ്തു ശൈലിയുടെ ഭംഗി ആസ്വദിക്കാം.
16 കെട്ടുള്ള കൊട്ടാരം ആണിത്. ചെറിയൊരു പുരാവസ്തു ശേഖരം കൂടി ഈ കൊട്ടാരത്തിൽ ഉണ്ട്. കയറിച്ചെല്ലുമ്പോൾ തന്നെ ചെറിയൊരു മ്യൂസിയത്തിലേക്കാണ് എത്തുന്നത്. മഞ്ചൽ, പല്ലക്ക്,നിരവധി വിഗ്രഹങ്ങൾ, നാഴി ,ചങ്ങഴി തുടങ്ങിയ പഴയകാല ഉപകരണങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. തേവാരപ്പുരയുടെ മുന്നിലൂടെ കുളത്തിലേക്ക് ഇറങ്ങാൻ പടവുകൾ നിർമ്മിച്ചിട്ടുണ്ട്. തേവാരപ്പുരയുടെ ഭിത്തിയിലാണ് ഗജേന്ദ്രമോക്ഷം ചുവർ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. പൂർണ്ണമായും പ്രകൃതിയാൽ ഉള്ള ചായ കൂട്ടു കൊണ്ടാണ് ഈ ചുവർചിത്രം ഒരുക്കിയിരിക്കുന്നത് .മുകളിലോട്ട് കേറുമ്പോൾ ചെറിയ പടവുകൾ ആണ് ഉള്ളത്. ഇവിടെയും പഴയ കാലത്തെ നാണയങ്ങളും,ആയുധങ്ങളും സൂക്ഷിച്ചിരിക്കുന്നു. ഗജേന്ദ്രമോക്ഷം ചുവർ ചിത്രം കൂടാതെ ഇവിടെ ചെറിയ ക്യാൻവാസിൽ ദേവതകളുടെ മറ്റും ചുവർ ചിത്രങ്ങളും സൂക്ഷിച്ചിരിക്കുന്നു.

കായംകുളത്തെ കുറിച്ച് പറയുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് കായംകുളം വാളാണ്. ചില ആളുകൾ തമ്മിൽ കളിയാക്കാൻ ഉപയോഗിക്കുന്ന ഒരു വാക്കാണ് കായംകുളം വാൾ എന്നത്. ഇരുതല മൂർച്ചയുള്ള വാൾ ആണ് കായംകുളം വാൾ എന്നറിയപ്പെടുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ചവർക്ക് മാത്രമേ ഈ വാള് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
നിലവിൽ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചെടുക്കുകയും കൊട്ടാരം നിർമ്മിക്കുകയും ചെയ്തു. നിരവധി വിദേശികളും, സ്വദേശികളും, ഗവേഷക വിദ്യാർത്ഥികളും ഈ കൊട്ടാരത്തിൽ സന്ദർശനത്തിന് എത്താറുണ്ട്.



