ചേർത്തല : സുഹൃത്തിൻറെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ യുവാക്കൾ സഞ്ചരിച്ച ബൈക്കിനു പിന്നിൽ കാർ വന്നിടിച്ചു. ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതരമായ പരിക്കേറ്റു. ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ പണ്ടാര പാട്ടത്തിൽ പ്രകാശിന്റെയും മിനിയുടെയും മകൻ ശിവപ്രസാദ് (29) ആണ് മരിച്ചത്. തണ്ണീർ മുക്കം ഇലഞ്ഞാൽകുളങ്ങര സ്വദേശിയായ വിഷ്ണു (27) വിനു ഗുരുതരമായ പരിക്കേറ്റു.
വാരനാട്-ചെങ്ങണ്ട റോഡിൽ ചെങ്ങണ്ട വളവിൽ ആയിരുന്നു അപകടം നടന്നത്. ബൈക്ക് ഇടിച്ചിട്ട കാർ നിർത്താതെ പോയി. യുവാക്കൾ കുറെ നേരം റോഡിൽ കിടന്നു. ഇതിലെ പോയ മറ്റ് യാത്രക്കാരാണ് ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ശിവപ്രസാദിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കോട്ടയത്തെ കാർ ഷോറൂമിലെ ജീവനക്കാരനാണ് ശിവപ്രസാദ്. ഇടിച്ച കാർ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



