ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി സീരിയൽ നടി ഗൗരി കൃഷ്ണൻ. നീണ്ട ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വ്ലോഗിലൂടെയാണ്, താൻ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന കാര്യം നടി വെളിപ്പെടുത്തിയത്. ‘പൗർണ്ണമിത്തിങ്കൾ’ എന്ന ഹിറ്റ് സീരിയലിന്റെ സംവിധായകൻ മനോജ് പേയാടും ഗൗരിയും 2022-ലായിരുന്നു വിവാഹിതരായത്.
ഗൗരിയുടെ വാക്കുകൾ ഇങ്ങനെ:
‘എന്റെയും ആഗ്രഹമാണ് ജീവിതത്തിൽ ഒരു കൂട്ട് വേണം എന്നത്. പക്ഷേ അത് രണ്ടുപേർക്കും വേണമെന്ന് തോന്നിയാലേ കാര്യമുള്ളൂ. നല്ലൊരു കൂട്ടാകാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. അല്ലാതെ ആരും മോശക്കാരായതുകൊണ്ടല്ല.
ഇന്നലെ വന്ന ആർക്കുവേണ്ടിയോ ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. സ്‌നേഹം നിർബന്ധിച്ച് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ലല്ലോ അത് സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്. മറ്റൊരാൾക്ക് ശല്യമാകാതെ മാറിനിൽക്കുന്നതാണ് എന്റെ ആത്മാഭിമാനം.’
വിവാഹം കഴിച്ചത് സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കാനല്ല, മറിച്ച് തനിക്കൊരു കൂട്ട് വേണമെന്ന ആഗ്രഹം കൊണ്ടാണെന്നും താരം കൂട്ടിച്ചേർത്തു.



