കോട്ടയം: തറയിൽ കിടന്ന കറുത്ത വസ്തു ബെൽറ്റാണെന്ന് കരുതി എടുത്തുമാറ്റാൻ ശ്രമിച്ച വീട്ടുകാരൻ കണ്ടത് പത്തിവിടർത്തി നിൽക്കുന്ന കൂറ്റൻ രാജവെമ്പാലയെ. എരുമേലി ഏയ്ഞ്ചൽവാലിയിലെ പൊങ്ങന്താനം ബാബുവിന്റെ വീട്ടിലാണ് ഭീതിയുണർത്തിയ സംഭവം.king cobra hides in bathroom
വീടിനുള്ളിൽ നിലത്തുകിടന്ന കറുത്ത വസ്തു ബെൽറ്റാണെന്ന് തെറ്റിദ്ധരിച്ച ബാബു അത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വീട്ടുകാർ പരിഭ്രാന്തരായി ബഹളംവെച്ചു. ശബ്ദം കേട്ടതോടെ പാമ്പ് സമീപത്തെ ശുചിമുറിയിലേക്ക് ഇഴഞ്ഞുകയറി.
ഉടൻതന്നെ വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പാമ്പുപിടിത്ത വിദഗ്ധരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാജവെമ്പാലയെ പിടികൂടി.
രാവിലെ വാതിൽ തുറന്നിട്ട സമയത്തായിരിക്കാം പാമ്പ് വീടിനുള്ളിലേക്ക് പ്രവേശിച്ചതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. പിടികൂടിയ രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.
ജനവാസമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരായ വി.വി. അനിൽകുമാർ, ദീപു, പി. പ്രസന്നൻ, എ.എസ്. സുധീഷ്, എൻ.കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാമ്പിനെ പിടികൂടാനുള്ള നടപടി.



