പെരുമ്പാവൂർ: കുറുപ്പംപടിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്സ് ആൻഡ് അപ്ലൈഡ് സയൻസസിലെ ഒന്നാം വർഷ സോഷ്യോളജി വിദ്യാർഥിനി റിയ റോയ് (18) ആണ് മരിച്ചത്. ബൈക്കിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
ബൈക്ക് ഓടിച്ചിരുന്ന ഒന്നാം വർഷ ബികോം വിദ്യാർഥി രായമംഗലം പ്ലാപ്പറമ്പിൽ അലൻ ജോർജ് റോയിക്ക് (18) പരുക്കേറ്റു. ഇയാളെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുപ്പംപടി ടൗണിന് സമീപം കുറുപ്പംപടി–കുറിച്ചിലക്കോട് റോഡിലായിരുന്നു അപകടം.
കോടനാട് ഭാഗത്തുനിന്ന് എത്തിയ ബൈക്കും ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ വലതുവശത്തെ ഇടറോഡിലേക്ക് തിരിയുന്നതിനിടെ പിന്നിലെത്തിയ ബൈക്ക് അതിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് പരുക്കേറ്റു. റിയയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോളജിൽ ഗായിക എന്ന നിലയിലും ശ്രദ്ധേയയായിരുന്നു റിയ. വൈക്കം പാറയ്ക്കൽ ആനിക്കാട് സ്വദേശി റോയിയുടെ മകളാണ്.



