കണ്ണൂർ : ചാർജ് ചെയ്യാൻ സോഫയിൽ വെച്ച ലാപ്ടോപ്പിന് തീപിടിച്ച് വീട്ടിൽ നാശനഷ്ടം. പയ്യന്നൂർ ശാന്തിഗ്രാമത്തിലെ വി.പി. പ്രസന്നകുമാറിന്റെ ‘ഉഷസ്സ്’ വീട്ടിലാണ് വ്യാഴാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ ലാപ്ടോപ്പ് അമിതമായി ചൂടായി പൊട്ടിത്തെറിച്ച് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ലാപ്ടോപ്പ് ചാർജിലിട്ട് വീട് പൂട്ടി പുറത്തുപോയ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. അപകടത്തിൽ ലാപ്ടോപ്പിന് പുറമെ സോഫാ സെറ്റ്, കസേരകൾ, വാച്ച്, ചുമരിൽ സ്ഥാപിച്ചിരുന്ന ചിത്രങ്ങൾ എന്നിവയും കത്തിനശിച്ചു.
വിവരമറിഞ്ഞെത്തിയ പയ്യന്നൂർ അഗ്നിരക്ഷാസേന തീയണച്ചു. സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയ ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ സോഫ, കിടക്ക തുടങ്ങിയ പ്രതലങ്ങളിൽ വയ്ക്കരുതെന്ന് അഗ്നിരക്ഷാസേന മുന്നറിയിപ്പ് നൽകി. ചാർജിങ്ങിനിടെ ഉപകരണങ്ങൾ അമിതമായി ചൂടാകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും ചാർജിൽ വെച്ച് വീടുപൂട്ടി പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു.



