Friday, August 7, 2026
spot_imgspot_imgspot_img
HomeLatest Updatesകർക്കിടകത്തിലെ നാലമ്പല ദർശനം. ഭക്തിയുടെ ആത്മീയതയുടെയും പുണ്യ യാത്ര

കർക്കിടകത്തിലെ നാലമ്പല ദർശനം. ഭക്തിയുടെ ആത്മീയതയുടെയും പുണ്യ യാത്ര

രാമായണ ശീലുകൾ മുഴങ്ങി നിൽക്കുന്ന കർക്കിടക നാളുകളിൽ നാലമ്പല ദർശനം നടത്തുന്നത് പുണ്യമായി കരുതുന്നു. ശ്രീരാമൻ ,ലക്ഷ്മണൻ ,ഭരതൻ , ശത്രുഘ്നൻ എന്നിവരെ ഒരുമിച്ച് ഒരു ദിവസം തൊഴുന്നതാണ് നാലമ്പലം ദർശനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. പഞ്ഞ കർക്കിടകത്തിലെ ദുരിതങ്ങൾ മാറ്റി മനസ്സും ശരീരവും ശുദ്ധീകരിച്ച് സമൃദ്ധി നിറഞ്ഞ പുതുവർഷത്തെ വരവേൽക്കാൻ നമ്മളെ പ്രാപ്തരാക്കുന്നതാണ് കർക്കടകത്തിലെ രാമായണ പാരായണവും നാലമ്പല ദർശനവും.

കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരത സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ മൂന്നു കിലോമീറ്റർ ചുറ്റളവിലായി സ്ഥിതിചെയ്യുന്നു. ഉച്ച പൂജയ്ക്ക് മുമ്പ് നാല് ക്ഷേത്രങ്ങളിലും ദർശനം നടത്തി വീണ്ടും രാമപുരത്ത് വന്ന് ശ്രീരാമസ്വാമിയെ വന്നു തൊഴുമ്പോഴാണ് നാലമ്പല ദർശനം പൂർത്തിയാകുന്നത് എന്നാണ് ആചാര്യ വിധി.

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം

ഐതിഹ്യങ്ങൾ പ്രകാരം ശ്രീരാമൻ ധ്യാനത്തിൽ ഇരുന്ന പുണ്യഭൂമിയാണ് രാമപുരം. ശ്രീരാമനെ അന്വേഷിച്ചു വന്ന ലക്ഷ്മണനും ഭരതനും ശത്രുഘ്നനും ധ്യാനത്തിൽ ഇരിക്കുന്ന ശ്രീരാമനെ കാണുകയും തുടർന്ന് അവരും സമീപത്തായി ധ്യാനത്തിൽ ഇരിക്കുകയും ചെയ്തു. ധ്യാനത്തിൽ ഇരുന്ന പുണ്യഭൂമികളിലാണ് ഇന്ന് നാലു ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. കിഴക്കോട്ട് ദർശനമായി ചതുർബാഹുവായ വിഗ്രഹമാണ് ശ്രീരാമസ്വാമിയുടെ ഇവിടുത്തെ പ്രതിഷ്ഠ.അമ്പും വില്ലും ഇവിടുത്തെ പ്രധാന വഴിപാടാണ്. ഭദ്രകാളി ,ഹനുമാൻ ,യക്ഷിയമ്മ ,ശാസ്താവ് ,ദക്ഷിണാമൂർത്തി, ഗണപതി എന്നീ ഉപദേവത പ്രതിഷ്ഠകളും ഇവിടെയുണ്ട്.

കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം

നാലമ്പലങ്ങളിലെ പ്രശസ്തമായ രണ്ടാമത്തെ ക്ഷേത്രമാണ് കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം. ചതുർബാഹുവായ ലക്ഷ്മണ സ്വാമിയാണ് ഇവിടുത്തെ വിഗ്രഹ പ്രതിഷ്ഠ. ഈ സ്ഥലത്തിൻറെ ഒരു പ്രത്യേകത എന്ന് പറയുന്നത് വടക്ക് – കിഴക്ക് തൂക്കായി നിൽക്കുന്ന പ്രദേശമാണിത്. ഭാരതീയ വാസ്തു ശാസ്ത്ര പ്രകാരം ഏറ്റവും ഊർജ്ജദായകമായ പ്രദേശമാണ്. സർപ്പ രാജാവായ അനന്തൻറെ അവതാരമാണ് ലക്ഷ്മണൻ. ശംഖ്, ചക്രം, ഗദ , പങ്കജം എന്നിവ അടങ്ങിയ താലമാണ് ലക്ഷ്മണ സ്വാമിയുടെ പ്രധാന വഴിപാട്. ഗണപതി, ദക്ഷിണാമൂർത്തി, യക്ഷി, രക്ഷസ്, എന്നീ ഉപദേവതകളും ഉണ്ട്. സമീപത്തായി ശാസ്താവിനും ഉഗ്രമൂർത്തിയായ ഭദ്രകാളിക്കും പ്രത്യേക ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നു.

അമനകര ഭരത സ്വാമി ക്ഷേത്രം

കേരളത്തിൽ അപൂർവ്വമായി കാണുന്ന ഭരത ക്ഷേത്രങ്ങളിൽ ഒന്നാണ് അമനകര ഭരതസ്വാമി ക്ഷേത്രം. പടിഞ്ഞാറോട്ട് ദർശനമായാണ് ഭരത സ്വാമിയുടെ പ്രതിഷ്ഠ. മഹാവിഷ്ണുവിന്റെ കൈകളിലെ ശംഖ് ആണ് ഭരതനായി ജന്മം എടുത്തത്.അതുകൊണ്ട് ശംഖ് ആണ് ഇവിടുത്തെ പ്രധാന വഴിപാട്. മീനൂട്ട് നടത്തുന്നത് ഇവിടുത്തെ മറ്റൊരു പ്രധാന വഴിപാടാണ്. ശിവൻ ,ഗണപതി ,യക്ഷിയമ്മ, നാഗദേവതകൾ എന്നീ ഉപദേവതകളും ഇവിടെ കുടികൊള്ളുന്നു.

മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം

ഗ്രാമീണതയും പ്രകൃതി ഭംഗിയും നിലനിൽക്കുന്ന ക്ഷേത്രമാണിത്. കരിങ്കല്ലിൽ നിർമ്മിച്ച ഈ ക്ഷേത്രം മനോഹരമായ വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണമാണ്. മഹാവിഷ്ണുവിൻറെ ചക്രമാണ് ശത്രുഘ്നനായി അവതരിച്ചത്. അതുകൊണ്ട് ഇവിടുത്തെ ചക്ര വഴിപാട് വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഉച്ചവരെ ശത്രുഘ്ന സ്വാമിയും ഉച്ചയ്ക്കുശേഷം സന്താനഗോപാല മൂർത്തിയുമായിട്ടാണ് പ്രതിഷ്ഠ. അതുകൊണ്ട് നാലമ്പല ദർശനം ഉച്ചയ്ക്ക് മുമ്പ് നടത്തണം . ശിവൻ ,ഗണപതി ,നാഗദേവതകൾ, കാക്കൂർ ഭഗവതി എന്നീ ഉപദേവതകളും ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു.

ഉദ്ദിഷ്ടകാര്യത്തിനും മുൻജന്മ ദോഷപരിഹാരത്തിനും സന്താനലബ്ദ്ധിക്കും ഉത്തമമാണ് നാലമ്പല ദർശനം എന്ന് പറയുന്നത്. രാമായണം വായിക്കുന്നതിന് തുല്യമാണ് നാലമ്പല ദർശനം. കോട്ടയം ജില്ലയിൽ പാലായിക്കടുത്താണ് രാമപുരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments