കോട്ടയം : മണർകാട് പള്ളി ജംഗ്ഷന് സമീപമായി നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസ്സിന് അടിയിലേക്ക് മറിഞ്ഞു വീണു. ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽകുന്നിൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം നടന്നത് .മണർകാട് ജംഗ്ഷനിലേക്ക് വരികയായിരുന്ന ബൈക്കാണ് മണർകാട് സെന്റ് മേരീസ് ആശുപത്രിക്ക് സമീപത്തെ വളവിൽ വച്ച് നിയന്ത്രണം വിട്ടത്. മണർകാട് പള്ളി ജംഗ്ഷനിലേക്ക് പോയ ബസ്സിനടിയിലേക്കാണ് ബൈക്ക് തെന്നിമറിഞ്ഞത്. ഈ സമയം മഴയായതിനാൽ റോഡിൽ ബൈക്ക് തെന്നുകയായിരുന്നു.എതിരെ വന്ന ബസ് കണ്ടപ്പോൾ ബ്രേക്ക് ഇട്ടതാകാം അപകടത്തിന് കാരണം എന്ന് ദൃക്സാക്ഷികൾ പറയുന്നു. യുവതി അപ്പോൾ തന്നെ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കൂടുതൽ അന്വേഷണത്തിനായി മണർകാട് പോലീസ് കേസെടുത്തു.



