Thursday, October 1, 2026
spot_imgspot_imgspot_img
HomeFood & Travelമണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം എഴുന്നെള്ളത്ത് — വിശ്വാസവും പാരമ്പര്യവും ഭക്തിയും ഒത്തുചേരുന്ന പുണ്യ നിമിഷം

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം എഴുന്നെള്ളത്ത് — വിശ്വാസവും പാരമ്പര്യവും ഭക്തിയും ഒത്തുചേരുന്ന പുണ്യ നിമിഷം

അതിപുരാതനവും പ്രശസ്തവുമായ സർപ്പാരാധനയ്ക്ക് പേരുകേട്ട ക്ഷേത്രമാണ് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം. കേരളത്തിൻറെ ആരാധനാ സമ്പ്രദായത്തിന്റെ ഭാഗമാണ് സർപ്പാരധന. നാഗരാജാവായ അനന്തനും വാസുകിയും നാഗയക്ഷി അമ്മയും ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ. കൂടാതെ നാഗചാമുണ്ഡിയും ഇവിടുത്തെ പ്രധാന പ്രതിഷ്ഠയാണ്. ക്ഷേത്രത്തോട് ചേർന്നുള്ള നിലവറയിലാണ് നാഗരാജാവായ അനന്തൻ കുടികൊള്ളുന്നത്. നിലവറ മുത്തച്ഛൻ എന്നാണ് അറിയപ്പെടുന്നത്.

ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇവിടെ സർപ്പ പൂജ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ മുതിർന്ന സ്ത്രീയാണ്. വല്യമ്മ എന്നാണ് അറിയപ്പെടുന്നത്. നാഗരാജാവിന്റെ അമ്മയുടെ സ്ഥാനമാണ് വല്യമ്മക്കുള്ളത്. ഐതിഹ്യപ്രകാരം സർപ്പങ്ങളെ പൂജിക്കാനുള്ള അവകാശം ഒരു ബ്രാഹ്മണ ഇല്ലത്തിന് കൊടുത്തു കൊടുത്തു. അവർ തങ്ങളുടെ പരദേവതയായി സർപ്പത്തെയും കാവുകളെയും സംരക്ഷിച്ചു. ഒരിക്കൽ കാട്ടുതീ വന്നപ്പോൾ ഇല്ലത്തെ സ്ത്രീകൾ കുളത്തിൽ നിന്നും വെള്ളം കൊണ്ടുവന്ന് തീ അണയ്ക്കുകയും കാവും അതിലെ സർപ്പങ്ങളെയും സംരക്ഷിക്കുകയും ചെയ്തു. തീ അണഞ്ഞിട്ടും മണ്ണിൻറെ ചൂടാറുന്നത് വരെ അവർ വെള്ളം ഒഴിച്ചു കൊണ്ടിരുന്നു. അതിനുശേഷം അവിടം മണ്ണാറിയ ശാല എന്നറിയപ്പെട്ടു. ഇതാണ് പിന്നീട് മണ്ണാറശാലയായത്. ഇത് കൂടാതെ മന്ദാരങ്ങൾ കൂടുതലുള്ള സ്ഥലം ആയതുകൊണ്ട് മന്ദാരശാലയാണ് മണ്ണാറശാല ആയതെന്നും മറ്റൊരു ഐതിഹ്യവും ഉണ്ട്.

ഒരിക്കൽ ഇല്ലത്തെ ബ്രാഹ്മണ ദമ്പതികൾക്ക് മക്കളില്ലാതെ വന്നപ്പോൾ അവർ നാഗരാജാവിനെ വിളിച്ച് അപേക്ഷിച്ചു. അവരുടെ പ്രാർത്ഥന കേട്ട് നാഗരാജാവ് പ്രസാദിച്ചു. ഇല്ലത്തെ അന്തർജനം ഒരു കുഞ്ഞിന് ജന്മം നൽകി. എന്നാൽ ആ കുഞ്ഞ് മനുഷ്യശിശുവും 5 തലയുള്ള സർപ്പ ശിശുവിനും ജന്മം നൽകി. മുതിർന്നപ്പോൾ മനുഷ്യശിശു ഗൃഹാസ്ഥാശ്രമത്തിലേക്കും സർപ്പശിശു തപസ്സിലേക്കും പോയി ഇല്ലത്തെ നിലവറയിൽ തപസ്സ് ചെയ്തു. ഇതിൽ മനംനൊന്ത അമ്മക്ക് ആണ്ടിലൊരിക്കൽ ദർശനം നൽകാമെന്നും അമ്മ നൽകുന്ന പൂജകൾ സ്വീകരിക്കാമെന്നും വാക്ക് നൽകി. അതിന് വേണ്ട പൂജ രീതികൾ പറഞ്ഞുകൊടുത്തു. അമ്മയ്ക്ക് വയ്യാതായാൽ അടുത്ത സ്ഥാനം ഇന്നത്തെ മുതിർന്ന അന്തർജനത്തിന് ആയിരിക്കും എന്നും ഇത് തലമുറയോളം കൊണ്ടുപോകണം എന്നും പറഞ്ഞു. ഇന്നും മുറ തെറ്റാതെ ആചാരം പാലിക്കുകയാണ് മണ്ണാറശാല ഇല്ലത്തുള്ളവർ.

ഇവിടുത്തെ പ്രധാന വഴിപാടാണ് ഉരുളി കമിഴ്ത്തൽ. കുട്ടികൾ ഇല്ലാത്തവർ ഇവിടെ വന്ന് ഉരുളി കമിഴ്ത്തി പ്രാർത്ഥിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം. വിശ്വാസത്തോടെ ,അകമഴിഞ്ഞ ഭക്തിയോടെ ഉരുളി കമിഴ്ത്തി കുഞ്ഞുങ്ങൾ ഉണ്ടായ നിരവധി പേർ കുഞ്ഞുമായി വന്ന് ഉരളി നിവർത്തുന്നു.മണ്ണാറശാല ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ് ആയില്യം എഴുന്നള്ളത്ത്. കന്നിമാസത്തിലെയും തുലാമാസത്തിലെ ആയില്യം വളരെ പ്രാധാന്യമുള്ളതാണ്. തുലാമാസത്തിലെ ആയില്യം ആണ് മണ്ണാറശാല ആയില്യം എന്നറിയപ്പെടുന്നത്. കൂടാതെ സർപ്പബലിയും സർപ്പം പാട്ടും ഇവിടെ നടക്കുന്നു. 41 വർഷം കൂടുമ്പോൾ നടക്കുന്ന ചടങ്ങാണ് സർപ്പം പാട്ട്. കഴിഞ്ഞാൽ പള്ളിപ്പാന നടത്തണം എന്നാണ് ആചാരം. അത് കഴിഞ്ഞാൽ അടുത്തവർഷം ഗന്ധർവൻ പാട്ട് നടത്തണം. ഈ ചടങ്ങുകൾ എല്ലാം കഴിഞ്ഞു കഴിയുമ്പോൾ പുല സർപ്പം പാട്ടും നടത്തും.

അത്തിയും ആലും പേരാലും വള്ളിപ്പടർപ്പുകളും അപൂർവ്വം ഇനം വനസസ്യങ്ങളും പക്ഷിമൃഗാദികളും കുളങ്ങളും ഉള്ള ഒരു വലിയ കാവാണ് മണ്ണാറശാലയിലെ സർപ്പക്കാവ്. ഒട്ടേറെ നാഗ ശിൽപ്പങ്ങളും ഈ മണ്ണിൽ കുടികൊള്ളുന്നു. ഇവിടെ രണ്ട് കുളങ്ങൾ കാണാൻ കഴിയും.


കേരളത്തിലെ നാഗാരാധനയ്ക്ക് പേരുകേട്ട ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രം. ക്ഷേത്രത്തിന് വെളിയിൽ നിന്ന് തന്നെ വഴിപാട് സാധനങ്ങൾ വാങ്ങിച്ച് അകത്ത് കയറാം. ആദ്യം നാഗയക്ഷി അമ്മയെ തൊഴുത് നാഗരാജാവിനെയും തൊഴുത് ഉപപ്രതിഷ്ഠകളെയും തൊഴണം. ഇതിനുശേഷം ഇല്ലത്തെ നിലവറയിലെ ആദിശേഷൻ ആയ അനന്തനെയും തൊഴണം. അമ്മയെ തൊഴണം എന്നുണ്ടെങ്കിൽ ഇവിടെ ദർശന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ സർപ്പക്കാവിനുള്ളിൽ ധർമ്മശാസ്താവിന്റെയും ദേവിയുടെയും പ്രതിഷ്ഠയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments