മനോഹരമായ പച്ചപ്പും നീലിമയും കൂടിച്ചേർന്ന കായലിന്റെ മനോഹാരിത ആസ്വദിക്കണമെങ്കിൽ നേരെ കുമരകത്തിന് വന്നാൽ മതി .വേമ്പനാട് കായലിലൂടെയുള്ള കുമരകത്തിന്റെ പ്രകൃതി ഭംഗി കൺകുളിർക്കെ ആസ്വദിക്കാം.

ഒരു സായാഹ്ന സവാരിക്കാണ് ഞങ്ങൾ ബോട്ടിംഗ് തെരഞ്ഞെടുത്തത്. മഴ മാറിനിന്ന സമയമായിരുന്നു അത്. രണ്ടാൾ പൊക്കത്തിൽ കൂടുതൽ ആഴമുള്ള തോട്ടിലൂടെ ഞങ്ങളുടെ യാത്ര ആരംഭിച്ചു. ഞങ്ങൾ കുറച്ചു പേരെ ഉണ്ടായിരുന്നതുകൊണ്ട് ചെറിയ ശിക്കാരാ ബോട്ടാണ് യാത്രയ്ക്ക് തിരഞ്ഞെടുത്തത്. ഏകദേശം ഒരു മണിക്കൂർ ഉള്ള യാത്രയായിരുന്നു അത്. കുമരകത്തിന്റെ ഗ്രാമീണ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രാ എന്ന് വേണമെങ്കിലും പറയാം . ശിക്കാര ബോട്ടുകളെ കൂടാതെ ഹൗസ് ബോട്ടുകളും ഗവൺമെൻറ് കീഴിലുള്ള യാത്രാ ബോട്ടുകളും ഇവിടെയുണ്ട്. യാത്രാ മധ്യത്തിൽ ഇതെല്ലാം കണ്ടുകൊണ്ടാണ് ഞങ്ങളുടെ യാത്ര യാത്ര. യാത്രയുടെ ഇടയ്ക്ക് കുമരകം പക്ഷി സങ്കേതവും കണ്ടു .

വിദേശികൾ ആയിട്ടുള്ള ഒരുപാട് ആൾക്കാർ ഇവിടെ എത്തുന്നുണ്ട്. കൂടാതെ സ്വദേശികളായ ആൾക്കാരും വന്നു പോകുന്നു. ഒരുപാട് ദേശാടന പക്ഷികൾ വരുന്ന സ്ഥലമാണിത്. കൂടുതലും അതിരാവിലെ പോവുകയാണെങ്കിൽ കുറച്ചുകൂടിയും ഈ പക്ഷികളെ ഒക്കെ കാണാൻ സാധിക്കും എന്നും പറയാറുണ്ട്.കായലിനോട് ചേർന്ന് കിടക്കുന്ന സംരക്ഷിത വനമാണിത്. മുൻപ് ബേക്കൽ എസ്റ്റേറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. യാത്രയുടെ ഇടയിൽ ചില ദേശാടന പക്ഷികളെ കണ്ടെങ്കിലും ക്യാമറയുടെ കണ്ണുകളിൽ നിന്ന് പെട്ടെന്ന് മാറുകയും ചെയ്തു. ഇവയുടെ വരവ് സീസൺ അനുസരിച്ച് വ്യത്യാസം വരും എന്ന് പറയുന്നു.

മുമ്പോട്ട് ചെല്ലുന്തോറും പല റിസോർട്ടുകളും കായൽ തീരത്ത് കാണാൻ സാധിക്കും. കായലിനടുത്ത് എത്തുമ്പോഴേക്കും ഓളങ്ങൾ കൂടി വരുന്നതായി കാണാം. കായലും തോടും സംഗമിക്കുന്ന സ്ഥലത്താണ് പ്രസിദ്ധമായ കോക്കനട്ട് ലഗൂൺ റിസോർട്ട്. കായൽ സൗന്ദര്യം ആസ്വദിക്കാൻ റിസോർട്ടിൽ വന്ന നിരവധി വിദേശികളാണ് ഇവിടെ എത്താറുള്ളത്.റിസോർട്ടിന്റെ പുൽപ്പരപ്പിൽ ഇരുന്ന് കായലിന്റെ ഓളങ്ങളെ സാക്ഷിയാക്കി സൂര്യാസ്തമയം കാണാൻ വളരെ ഭംഗിയാണ്. ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലെ ലക്ഷ്മി ഗോപാലസ്വാമി നടത്തുന്ന റിട്രീറ്റ് സെൻറർ ഈ റിസോർട്ടിലാണ് ഷൂട്ട് ചെയ്തത്. സിനിമയുടെ പശ്ചാത്തലവും ഇവിടുത്തെ ഗ്രാമപ്രദേശങ്ങളെ ചുറ്റിപ്പറ്റിയാണ്. ബോട്ടിലൂടെ യാത്ര ചെയ്യുമ്പോൾ നിരവധി പാടശേഖരങ്ങൾ കാണാം.ഇതൊക്കെ കൊയ്ത്തുള്ളവയാണ്.

യാത്ര മുമ്പോട്ട് പോകുമ്പോൾ തന്നെ പിറകിലായി കാർമേഘങ്ങൾ കൂടി നിൽക്കുന്നത് കണ്ടു. അതുകൊണ്ട് ബോട്ട് കായലിനു നടുവിലോട്ട് പോയില്ല. നല്ല കാറ്റുള്ളപ്പോൾ കായലിന് നടുവിലൂടെ യാത്ര ചെയ്താൽ ചിലപ്പോൾ കാറ്റ് എടുത്ത് മറിക്കും എന്ന സംശയം ഉണ്ടായിരുന്നതുകൊണ്ട് കായലിന് സമീപത്ത് കൂടി കരയോട് ചേർന്നായിരുന്നു പിന്നെ ഞങ്ങളുടെ യാത്ര. തുടർന്ന് യാത്രയുടെ ഇടയിൽ വെച്ച് തന്നെ ശക്തമായ കാറ്റും മഴയും ഉണ്ടായി. ബോട്ട് ഒരു സൈഡിൽ ആയി ഒതുക്കി നിർത്തി.

ഈ സമയം നല്ല മഴയെത്തു വെള്ളത്തിൽ മുങ്ങി കളിക്കുന്ന പ്രദേശവാസികളായ കുട്ടികളുടെ കുറുമ്പും ഞങ്ങൾ കണ്ട ആസ്വദിച്ചു. അവർക്ക് ഇതൊരു പുതുമയല്ല. ഇവിടെയുള്ള ഒട്ടുമിക്ക ആൾക്കാർക്കും നീന്തൽ വശം ഉള്ളവരാണ്. മഴയുടെ ഗതിയും വെള്ളത്തിൻറെ നീരൊഴുക്കും കണ്ടാൽ അവർക്ക് കാലാവസ്ഥയുടെ ഉള്ളറിയാൻ കഴിയും. കാറ്റും മഴയും ശമിച്ചതിന് ശേഷമാണ് പിന്നീട് ഞങ്ങളുടെ യാത്ര തുടങ്ങിയത്. യാത്രയുടെ ഇടയിൽ കേരള കാർഷിക സർവകലാശാലയുടെ ഒരു സെൻറർ ഇവിടെ പ്രവർത്തിക്കുന്നതായി കാണാം. ഒരു മണിക്കൂർ നീണ്ട യാത്ര മഴ കാരണം രണ്ടു മണിക്കൂർ എടുത്താണ് തിരിച്ച് വന്നത്.
രാവിലെ ആറുമണി മുതൽ 8 മണി വരെയും വൈകുന്നേരം 4 30 മുതൽ 6 30 വരെയുമാണ് ബോട്ടിംഗ് നടത്തുന്നത്. ആൾക്കാരുടെ എണ്ണമനുസരിച്ചാണ് ഏത് ബോട്ടാണെന്ന് തീരുമാനിക്കുന്നത്



