കോടമഞ്ഞു പുതച്ച മലനിരകൾ, പച്ച വിരിച്ച തേയില കാപ്പി തോട്ടങ്ങൾ പശ്ചിമഘട്ടത്തെ കുളിരു കോരിക്കുന്ന ഈ കാഴ്ചകൾ പാലക്കാട്ട് ജില്ലയിലെ നെല്ലിയാമ്പതിയിലാണ് കാണാൻ സാധിക്കുന്നത്. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന പ്രദേശമാണിത്. വന പ്രദേശത്തോട് കൂടെ ചേർന്ന് കിടക്കുന്ന ഇവിടെ ഭാരതപ്പുഴയുടെയും ചാലക്കുടി പുഴയുടെയും കാവേരി നദിയുടെയും വൃഷ്ടിപ്രദേശമാണ്.
നെല്ലി ദേവതയുടെ നാട് എന്നാണ് നെല്ലിയാമ്പതിയുടെ അർത്ഥം. ഇവിടെയുള്ളവർ അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നവർ ആയിരുന്നു. മലയും മരങ്ങളും ഇവിടുത്തെ പ്രാചീന ആൾക്കാരുടെ ദൈവീക വിശ്വാസങ്ങൾ ആയിരുന്നു.അതുകൊണ്ടുതന്നെ ഇവിടെയുള്ളവർ നെല്ലിയെ ദേവതയാക്കി പ്രാർത്ഥിച്ചിരുന്നു. യുനൈസ്കോയുടെ പൈതൃക സ്ഥലമായ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് നെല്ലിയാമ്പതി മലനിരകൾ. ഇടതൂർന്ന വനങ്ങളും വൈവിധ്യമാർന്ന ചെടികളുടെയും ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമായാണ് നെല്ലിയാമ്പതി അറിയപ്പെടുന്നത്. ഇതിനടുത്ത് തന്നെയാണ് പറമ്പിക്കുളം ടൈഗർ റിസർവ് സ്ഥിതിചെയ്യുന്നത്. ഓറഞ്ചിന് പേരുകേട്ട സ്ഥലമാണ് നെല്ലിയാമ്പതി.അതിനായി ഇവിടെ ഫാമുകളും പ്രവർത്തിക്കുന്നു. നേരിട്ട് വന്ന് പഴങ്ങൾ രുചിച്ചതിനുശേഷം വാങ്ങാനുള്ള അവസരവും ഉണ്ട്.

സീതാർകുണ്ട് പോലെയുള്ള മനോഹരമായ വ്യൂ പോയിന്റുകളും നെല്ലിയാമ്പതിയുടെ എടുത്തു പറയത്തക്ക സവിശേഷതയാണ്. രാമനും ലക്ഷ്മണനും സീതയും വനവാസക്കാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നൊരു വിശ്വാസമുണ്ട്. ഇവിടുത്തെ കാട്ടുചോലയിൽ നിന്ന് വെള്ളം എടുത്താണ് സീതപൂജ ചെയ്തിരുന്നത് എന്നൊരു വിശ്വാസവും ഉണ്ട്. ഇവിടെ നിന്ന് നോക്കിയാൽ കൊല്ലംകോട് ഗ്രാമത്തിന്റെ സൗന്ദര്യവും ചുള്ളിയാർ മീൻകര അണക്കെട്ടുകളും കാണാം. സാഹസികതയ്ക്ക് പേരുകേട്ട സ്ഥലമാണ് നെല്ലിയാമ്പതി. മൗണ്ടൻ ബൈക്കിങ്, ഓഫ് റോഡ് ജീപ്പ് സവാരി തുടങ്ങിയവ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത എന്ന് പറയുന്നത് പോത്തുണ്ടി ഡാം ആണ്. നെല്ലിയാമ്പതിയിലേക്ക് പോകുമ്പോൾ നെന്മാറയിൽ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴിയാണ് യാത്ര ചെയ്യുന്നത്. നിരവധി ഹെയർപിൻ വളവുകൾ ഉണ്ട്. ബോട്ടിംഗ് സൗകര്യം ഉള്ളതാണ് പോത്തുണ്ടി ഡാം.
പുലി ,കാട്ടുപോത്ത് ,മലയണ്ണാൻ ,ആന തുടങ്ങിയവ ഇവിടുത്തെ വന മേഖലയിൽ കാണാം. ഇത് കൂടാതെ ഒരു പക്ഷി നിരീക്ഷണകേന്ദ്രം കൂടിയാണ് നെല്ലിയാമ്പതിയിലെ വനമേഖല. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് പോകാൻ കഴിയുന്ന മറ്റൊരു സ്ഥലമാണ് മാൻപാറ.വിനോദസഞ്ചാരികളുടെ ഇഷ്ട മേഖല കൂടിയാണ്. സീതാർ കുണ്ട് വ്യൂ പോയിൻറ് കൂടാതെ മറ്റൊരു വ്യൂ പോയിൻറ് കൂടെ ഇവിടെയുണ്ട്. കേശവൻ പാറ എന്നാണ് ഇത് അറിയപ്പെടുന്നത്. നിത്യഹരിത വനമേഖല യായ നെല്ലിയാമ്പതിയിൽ ധാരാളം ചോലക്കാട് കളും പുൽമേടുകളും ഉണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന എസ്റ്റേറ്റ് ആയ മണലൂരു എസ്റ്റേറ്റ് ഇവിടെയാണ് പ്രവർത്തിക്കുന്നത്. ഇവിടെനിന്ന് സന്ദർശകർക്ക് തേയില വാങ്ങിക്കാനും അവസരമുണ്ട്.
ഊട്ടിയുടെ സൗന്ദര്യത്തോടെ ഒപ്പം നിൽക്കുന്നതാണ് നെല്ലിയാമ്പതിയുടെ പ്രകൃതി സൗന്ദര്യം. പച്ചപ്പരവതാനി വിരിച്ച തേയില തോട്ടങ്ങളുടെ പറുദീസയാണ് നെല്ലിയാമ്പതി. ഒരു പ്രാവശ്യം വന്നാൽ കണ്ണെടുക്കാൻ കഴിയാത്ത പ്രകൃതി ഭംഗിയാണ് നെല്ലിയാമ്പതിയുടേത്. പാലക്കാട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ ഓളം ദൂരമുണ്ട് നെല്ലിയാമ്പതിക്ക്. പാലക്കാടിന്റെ രാജ്ഞി എന്നൊരു അപരനാമവും നെല്ലിയാമ്പതിയുടെ പ്രശസ്തിക്ക് മാറ്റുകൂട്ടുന്നു.



