ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോക്ടർ റോബിൻ രാധാകൃഷ്ണൻറെ അമ്മ ബീനാ രാധാകൃഷ്ണൻ അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്ന ബീന വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. അമ്മയുടെ വിയോഗവാർത്ത റോബിൻ രാധാകൃഷ്ണൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
എപ്പോഴും ചിരിച്ച മുഖത്തോടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറഞ്ഞ അമ്മയുടെ വിയോഗം ആരാധകർ ഒരു ഞെട്ടലോടെയാണ് കേട്ടത്.
രോഗാവസ്ഥയുടെ ഓരോ ഘട്ടത്തിലും അസാധാരണമായ മനക്കരുത്തും ധൈര്യവും ശാന്തതയും അമ്മ പ്രകടിപ്പിച്ചിരുന്നുവെന്ന് റോബിൻ അനുസ്മരിക്കുന്നു. “കാൻസർ അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും, അമ്മയുടെ മനക്കരുത്തിനെയോ സ്നേഹത്തെയോ തോൽപ്പിക്കാൻ അതിന് കഴിഞ്ഞില്ല. ഭയത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്നതാണ് യഥാർത്ഥ ധൈര്യമെന്ന് അമ്മ തന്റെ ജീവിതത്തിലൂടെ ഞങ്ങളെ പഠിപ്പിച്ചു,” റോബിൻ കുറിച്ചു. 2026 മാർച്ച് 25-നാണ് അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചത്. അന്ന് മുതൽ ആശുപത്രികളും ചികിത്സയുമായി ബന്ധപ്പെട്ട വേദന നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കുടുംബം കടന്നുപോയത്.
“ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽ പോലും പ്രതീക്ഷയും സ്നേഹവും കൈവിടാതെയാണ് ഓരോ നിമിഷവും അമ്മ നേരിട്ടത്. നിരുപാധികമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി അമ്മ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും,” റോബിൻ വികാരാധീനനായി കുറിച്ചു. തന്റെ അമ്മയുടെ പോരാട്ടവീര്യം ചുറ്റുമുള്ള എല്ലാവർക്കും വലിയ പ്രചോദനമായിരുന്നുവെന്നും, അവസാന ശ്വാസം വരെ അമ്മ ധീരമായി പൊരുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോബിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു.



