Saturday, April 25, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamപാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു, ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം: ഡോ.ശ്രീജിത്ത് ആർ നായർ

പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു, ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം: ഡോ.ശ്രീജിത്ത് ആർ നായർ

പാലാ: പാമ്പ് കടിയേറ്റു ദിവസങ്ങൾക്കിടെ രണ്ട് കുരുന്നുകൾ മരിച്ചത് ഏവരെയും കണ്ണീരിലാഴ്ത്തുകയും അതുപോലെ തന്നെ ഭയപ്പാടിലാക്കുകയും ചെയ്യുന്നുണ്ട്. ചൂടുകാലത്ത് പാമ്പുകൾ മാളത്തിൽ നിന്നു പുറത്തേക്ക് ഇറങ്ങുന്നത് സർവ്വസാധാരണമാണ്. ഈർപ്പം തേടി വീടുകൾക്കുള്ളിലും പരിസരത്തും പാമ്പുകൾ എത്താൻ സാധ്യതയുള്ളതിനാൽ ജാ​​ഗ്രത പുലർത്തേണ്ടതുണ്ട്.

വീട്ടുമുറ്റത്തെ ചെടിച്ചട്ടികൾ, കുളിമുറികൾ, ഈർപ്പമുള്ള മറ്റ് സ്ഥലങ്ങൾ എന്നിവടങ്ങളിലും പാമ്പുകൾ കിടക്കാൻ സാധ്യതയുണ്ട്. പാമ്പിന്റെ കടിയേൽക്കുന്നത് അപകടകരമായ സാഹചര്യമായതിനാൽ കൃത്യമായ പ്രഥമശുശ്രൂഷ നൽകുകയും ഉടൻ ചികിത്സ തേടുകയും ചെയ്യണം. രാത്രികാലങ്ങളിൽ അബദ്ധത്തിൽ പാമ്പിനെ ചവുട്ടി കടിയേൽക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

പാമ്പുകടിയേറ്റാലുള്ള ലക്ഷണങ്ങൾ:

കടിയേറ്റ സ്ഥലത്ത് പല്ലിന്റെ അടയാളങ്ങൾ ചിലപ്പോൾ ഇത് ചെറിയ കുത്തുകൾ പോലെ കാണപ്പെടാം. വീക്കം, നീര്, രക്തസ്രാവം ,കഠിനമായ വേദന എന്നിവയും ഉണ്ടാകും. വിഷം ശരീരത്തിലേക്ക് പടർന്നിട്ടുണ്ടെങ്കിൽ ശ്വാസം മുട്ടൽ, ഹൃദയമിടിപ്പ കൂടുക, ഛർദ്ദി, തലവേദന, തലചുറ്റൽ, കാഴ്ച മങ്ങുക , പേശികൾക്ക് ദുർബലത തോന്നുക എന്നിവ ഉണ്ടാകാം.​ ഗുരുതര അലർജിക്കും സാധ്യതയുണ്ട്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, നാവും തൊണ്ടയും ഉണങ്ങുക, സംസാരിക്കാൻ ബുദ്ധിമുട്ട്, തലചുറ്റൽ അല്ലെങ്കിൽ ബോധക്ഷയം എന്നിവയ്ക്കും സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ ആശുപത്രികളിൽ എത്തിച്ചുള്ള അടിയന്തര ചികിത്സ ആവശ്യമാണ്.

പാമ്പ് കടിയേറ്റാലുള്ള പ്രഥമശുശ്രൂഷ:

കടിയേറ്റ ആളെ പരിഭ്രമിപ്പിക്കാൻ ആരും ശ്രമിക്കരുത്. രക്തസമ്മർദ്ദം കൂടാതിരിക്കാൻ ആത്മവിശ്വാസം പകർന്നു നൽകുക. കടിയേറ്റ ഭാ​ഗം അനക്കാതെ സൂക്ഷിക്കുന്നത് വിഷം ശരീരത്തിൽ വ്യാപിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.

മുറിവ് വെള്ളം ഉപയോ​ഗിച്ചു സാവധാനം കഴുകുക. കടിയേറ്റ ആളെ നടക്കാൻ അനുവദിക്കാതെ വിഷചികിത്സയ്ക്കു സൗകര്യമുള്ള ആശുപത്രിയിൽ ഉടൻ എത്തിക്കുക. മുറിവിൽ നിന്നു രക്തപ്രവാഹമുണ്ടെങ്കിൽ മുറിവ് വൃത്തിയുള്ള തുണികൊണ്ട് കെട്ടിവയ്ക്കാം. അമിതമായി മുറുക്കി കെട്ടരുത്.

കടിയേറ്റ കൈകാലുകളിൽ മോതിരം, വളകൾ തുടങ്ങി ആഭരണങ്ങൾ ഉണ്ടെങ്കിൽ അഴിച്ചുവയ്ക്കുക. നീര് വയ്ക്കാൻ സാധ്യതുള്ളതിനാൽ പിന്നീട് അഴിച്ചെടുക്കാൻ ബുദ്ധിമുട്ടാകും.ശ്വാസംമുട്ടൽ നേരിട്ട് കാർഡിയാക് അറസ്റ്റ് ഉണ്ടായാൽ സി.പി.ആർ നൽകണം.ആശുപത്രിയിൽ എത്തിച്ചാൽ വിഷത്തിന്റെ തീവ്രത അനുസരിച്ച് ഐ.സി.യുവിൽ കിടത്തിയുള്ള ചികിത്സ ആവശ്യമായി വരാം.

പാമ്പ് കടിയേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പായി ഇലകൾ, പച്ചമരുന്നുകൾ തുടങ്ങിയവ കെട്ടിവയ്ക്കരുത്. മുറിവിൽ ഐസ് ഉപയോ​ഗിക്കാൻ പാടില്ല. കൂടുതൽ മുറിവുണ്ടാക്കി രക്തം ഒഴുക്കി കളയാൻ ശ്രമിക്കരുത്. പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിക്കരുത്.

പാമ്പ് കടിയേൽക്കാതിരിക്കാനും ​ജാ​ഗ്രത പുലർത്തണം:

പുല്ല് ചെത്തുന്നവർ സൂക്ഷ്മത പുലർത്തണം. രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നവർ ടോർച്ച് വെളിച്ചം ഉപയോഗിക്കുക, ശബ്ദം ഉണ്ടാക്കി നടക്കുന്നതും നല്ലതാണ്. വീടിനുള്ളില്‍ പാമ്പ് കയറാനുള്ള സാധ്യതയുള്ള വാതിലുകളും ജനലുകളും അടച്ചിടുകയും മുറികളിലേക്കുള്ള വിടവുകള്‍ അടയ്ക്കുകയും വേണം.

ചൂടുകാലത്ത് ചിലർ വീടിനു പുറത്ത് കിടന്ന് ഉറങ്ങുന്നതും നിലത്ത് കിടന്ന് ഉറങ്ങുന്നതും ഒഴിവാക്കുക. വീടിനു പരിസരത്ത് മാലിന്യങ്ങൾ കെട്ടികിടക്കുന്നത് ഒഴിവാക്കുക.ചകിരി, തൊണ്ട്, വിറകുകൾ എന്നിവ കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ നിന്നു സാധനങ്ങൾ എടുക്കുന്നത് സൂക്ഷ്മതയോടെ വേണം. വീടിന് സമീപത്തുള്ള മാളങ്ങളെല്ലാം അടച്ചും, ചെരുപ്പ്, വസ്ത്രങ്ങള്‍, ബാഗ്, ഹെല്‍മറ്റ്, വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിച്ചും സുരക്ഷ ഉറപ്പാക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments