Sunday, April 19, 2026
spot_imgspot_imgspot_img
HomeLatest Updatesപ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ :കൊച്ചി നഗരത്തില്‍ ഇന്ന് വൈകിട്ടു വരെ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ :കൊച്ചി നഗരത്തില്‍ ഇന്ന് വൈകിട്ടു വരെ ഗതാഗത നിയന്ത്രണം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടാനാണ് പ്രധാനമന്ത്രിയുടെ വരവ്. എറണാകുളം മറൈൻഡ്രൈവ് മൈതാനിയില്‍ ഉച്ചയ്‌ക്ക് 12.30ന് കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. ഉച്ചയ്ക്ക് 1.30ന് കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.

സ്‌റ്റേഡിയം വളപ്പിലെ പന്തലില്‍ എൻ.ഡി.എ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. യോഗത്തിന് മുമ്പ് സ്‌റ്റേഡിയം കവാടം മുതല്‍ പന്തല്‍ വരെ റോഡ്ഷോയില്‍ പങ്കെടുക്കും. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്ന യോഗത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുക്കും.

യോഗ ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.

അതേസമയം കൊച്ചി നഗരത്തിൽ പോകുന്നവർ ശ്രദ്ധിക്കുക. പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി ഇന്നു രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ കൊച്ചി നഗരത്തിലും രാവിലെ 10മുതൽ വൈകിട്ട് 5വരെ നെടുമ്പാശേരി മുതൽ മുട്ടം വരെയുള്ള ആലുവ മേഖലയിലും ഗതാഗത നിയന്ത്രണമുണ്ടാകുമെന്നു പൊലീസ് അറിയിച്ചു.

നേവൽബേസ്, തേവര, എം.ജി. റോഡ്, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, ബി.ടി.എച്ച്. റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ്, മറൈൻഡ്രൈവ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം ഭാഗങ്ങളിലും ദേശീയപാത-66 ചേരാനെല്ലൂർ മുതൽ വൈറ്റിലവരെയും ദേശീയപാത-544-ൽ കളമശ്ശേരി മുട്ടം മുതൽ ഇടപ്പള്ളിവരെയും പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണവും ഡ്രോൺ നിയന്ത്രണവുമുണ്ട്. എസ്.എസ്.എൽ.സി./മറ്റു പരീക്ഷകൾ നടക്കുന്നതിനാൽ, വിദ്യാർഥികൾ കഴിവതും നേരത്തെ തന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണം.

വാഹനങ്ങൾ ഇതുവഴി പോകാം

-ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും എറണാകുളം, ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി ബി.ഒ.ടി. പാലം-കുണ്ടന്നൂർ ജങ്ഷൻ-പാലാരിവട്ടം വഴി ആലുവയ്ക്ക് പോകണം.

-ആലുവഭാഗത്തുനിന്നും ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഇടപ്പള്ളി-വൈറ്റില-കുണ്ടന്നൂർ ജങ്ഷൻ-തോപ്പുംപടി വഴി ഫോർട്ട്‌കൊച്ചി മട്ടാഞ്ചേരി ഭാഗത്തേക്ക് പോകണം.

-ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും എറണാകുളം, ആലുവ ഭാഗത്തേക്കുവരുന്ന ചെറിയ വാഹനങ്ങൾ തോപ്പുംപടി ബി.ഒ.ടി. പാലം, അലക്‌സാണ്ടർ പറമ്പിത്തറ പാലം വഴി തേവര ഫെറി ജങ്ഷൻ, മട്ടമ്മൽ, പനമ്പിള്ളിനഗർ സൗത്ത് എൻഡ്, കടവന്ത്ര, വൈറ്റിലവഴി ആലുവയ്ക്ക് പോകേണ്ടതാണ്.

-ആലുവ, കാക്കനാട് ഭാഗത്തുനിന്നും ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ എൻ.എച്ച്. 544-ൽ നിന്നും ഇടപ്പള്ളി ഫ്‌ലൈ ഓവേറിന് മുന്നേ ഇടത്തോട്ട് തിരിഞ്ഞ് ഗ്രാൻഡ് മാളിനുമുന്നിലൂടെ എൻ.എച്ച്-66 വഴി പാലാരിവട്ടം-കുണ്ടന്നൂർ പാലം അലക്‌സാണ്ടർ പറമ്പിത്തറ പാലം-തോപ്പുംപടി വഴി ഫോർട്ട്‌കൊച്ചി-മട്ടാഞ്ചേരി ഭാഗത്തേക്ക് പോകണം.

-വൈപ്പിൻ, ബോൾഗാട്ടി, കണ്ടെയ്നർ റോഡ് ഭാഗത്തുനിന്നും കലൂർ, ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചാത്ത്യാത്ത് ജങ്ഷൻ വഴി പൊറ്റക്കുഴി, മാമംഗലം, ഇടപ്പള്ളി വഴി ആലുവയ്ക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ കണ്ടെയ്നർ റോഡ് വഴി പോകേണ്ടതാണ്.

-ഹൈക്കോടതി ഭാഗത്തുനിന്നും ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഹൈക്കോടതി ജങ്ഷൻ വഴി മാധവ ഫാർമസി-വളഞ്ഞമ്പലം-പനമ്പിള്ളിനഗർ സൗത്ത് എൻഡ്-തോപ്പുംപടി വഴി ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്.

പാർക്കിങ് നിയന്ത്രണം

-ബുധനാഴ്ച രാവിലെ 11-ന് ശേഷം വലിയ വാഹനങ്ങൾക്ക് സിറ്റി പരിധിയിൽ പ്രവേശനമുണ്ടാകില്ല. അതിന് മുൻപായി നിർദിഷ്ട സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.

-മറൈൻഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന വലിയ വാഹനങ്ങൾ ബോൾഗാട്ടി വാട്ടർമെട്രോ ജെട്ടിക്കുസമീപം, എൽ.എൻ.ജി. ടെർമിനൽ പരിസരം, വല്ലാർപാടം പ്രൈവറ്റ് ഗ്രൗണ്ട് എന്നീ പാർക്കിങ് ഏരിയകളിൽ പാർക്ക് ചെയ്യണം.

-കാറുകൾ കൊക്കോ പാർക്കിങ് (ഗ്രാൻഡ് ഹയാത്ത് എതിർവശം), ഡി.എച്ച്. ഗ്രൗണ്ട്, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, അയ്യപ്പൻകാവ് ക്ഷേത്രപരിസരം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.

-സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന എൻ.ഡി.എ. പരിപാടിയുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങൾ ഗവ. പോളിടെക്‌നിക് കളമശ്ശേരി, ഗവ. ഐ.ടി.ഐ. കളമശ്ശേരി, തൃക്കാക്കര വാമനമൂർത്തി ക്ഷേത്രപരിസരം, കാർഡിനൽ സ്‌കൂൾ തൃക്കാക്കര, ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട് തൃപ്പൂണിത്തുറ, പുതിയകാവ് ക്ഷേത്രം ഗ്രൗണ്ട് തൃപ്പൂണിത്തുറ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്ക് എതിർവശമുള്ള പേ ആൻഡ് പാർക്ക് ഗ്രൗണ്ട്, ശ്രീവെങ്കിടേശ്വര ഹൈസ്‌കൂൾ മിനി ബൈപ്പാസ് തൃപ്പൂണിത്തുറ, സംസ്‌കൃത സ്‌കൂൾ ഗ്രൗണ്ട് തൃപ്പൂണിത്തുറ, ഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ട് തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

നെടുമ്പാശ്ശേരി മുതൽ മുട്ടം വരെ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ നെടുമ്പാശ്ശേരി മുതൽ മുട്ടം വരെയുള്ള ഭാഗങ്ങളിൽ എറണാകുളം റൂറൽ പോലീസ് ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

*അങ്കമാലി ഭാഗത്തുനിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്കുവാഹനങ്ങളും അങ്കമാലി-കാലടി എം.സി. റോഡ് വഴി പോകേണ്ടതാണ്.

*ഉച്ചയ്ക്ക് ഒരുമണി മുതൽ ഇടറോഡുകളിൽനിന്നും സർവീസ് റോഡിൽനിന്നും ഹൈവേയിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല.

*മെട്രോയിൽ യാത്രചെയ്യുന്നവർക്ക് ആലുവ മുതൽ മുട്ടം വരെ യാത്രകൾക്ക് രാവിലെ പത്തിനും വൈകീട്ട് നാലിനും ഇടയ്ക്കുള്ള സമയം നിയന്ത്രണം ഉണ്ടാകും.

*എറണാകുളത്തുനിന്നും എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ സീപോർട്ട്-എയർപോർട്ട് റോഡ് വഴി മെഡിക്കൽ കോളേജ് റോഡിൽ തിരിഞ്ഞ് കാലടിയിലെത്തി പോകേണ്ടതാണ്.

*അങ്കമാലിയിൽനിന്നും എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ എം.സി. റോഡിൽനിന്ന് നായത്തോട് വഴിതിരിഞ്ഞ് എയർപോർട്ടിലേക്ക് പോകേണ്ടണ്ടതാണ്.

*മുട്ടം മുതൽ നെടുമ്പാശ്ശേരിവരെയുള്ള റോഡിലും വശങ്ങളിലും യാതൊരു വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments