കളമശ്ശേരി : എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നിന്നു ഡിസ്ചാർജ് ചെയ്യാൻ ഇരിക്കെ രോഗി കുഴഞ്ഞു വീണു മരിച്ചു. മട്ടാഞ്ചേരി പുളിക്കലിൽ ഹലീൽ റഹ്മാനാണ് മരിച്ചത്.
ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം ഉണ്ടാവുകയായിരുന്നു..പരിക്കേറ്റ റഹ്മാനെ ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പിന്നീട് എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കാലിൽ മൂന്നിടത്ത് ഒടിവുണ്ടായിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.ഹൃദയാഘാതമാണ് മരണകാരണം എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഷർബിൻ ആണ് ഭാര്യ. ഐഷ,ഹമീദ,മുഹമ്മദ് സൈൻ എന്നിവർ മക്കൾ ആണ്.
മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവും അനാവസ്ഥയുമാണ് മരണകാരണമെന്ന് ആരോപിച്ച് ഹലീൽ റഹ്മാൻ്റെ സഹോദരൻ ശുഹൈബ് മെഡിക്കൽ കോളേജിൽ സൂപ്രണ്ടിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ അനൂപ് ജോസഫിന്റെ നേതൃത്വത്തിൽ എച്ച് ഒ ഡി മാരുടെ ഒരു സമിതി രൂപീകരിച്ചു. അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാനും നിർദേശം നൽകി.



