തിരുവനന്തപുരം: വെള്ളറടയിൽ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചും മുറിവേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ അമ്മ ഷംനയെ (21) ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വീട്ടിലാണ് ഷംന പ്രസവിച്ചത്. അൽത്താഫാണ് ഭർത്താവ്. മൂന്നുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. രണ്ടുവയസുള്ള മറ്റൊരു കുഞ്ഞുണ്ട്. ഒരുകുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ലെന്നതാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് ഷംന പൊലീസിനോട് പറഞ്ഞു.
ഷംന കുഞ്ഞിനെ കൊലപ്പെടുത്തിയത് അതിക്രൂരമായാണ്. കുഞ്ഞിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കുത്തി താഴ്ത്തുകയും ചെയ്തു എന്ന് അമ്മ ഷംന മൊഴി നൽകി. ഷംനയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചു.
കേസിൽ മാതാവായ ഷംനയെ (21) പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഞായറാഴ്ച വീട്ടിലാണ് ഷംന പ്രസവിച്ചത്.
ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അൽത്താഫ് ജോലികഴിഞ്ഞ് ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തുമ്പോൾ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നു. തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകാനായി അൽത്താഫും ബന്ധുവും ചേർന്ന് ഷംനയെ എടുത്ത് ഓട്ടോറിക്ഷയിൽ കയറ്റി. തുടർന്ന് ഷംനയുടെ ചെരുപ്പെടുക്കാനായി അൽത്താഫ് മുറിയിൽ കയറിയപ്പോഴാണ് കട്ടിലിനടിയിൽ രക്തം പുരണ്ട തുണിയിൽ ചോരക്കുഞ്ഞിനെ കണ്ടത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നു. മൃതദേഹത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് ഡോക്ടറാണ് പൊലീസിൽ വിവരം അറിയിച്ചത്.
അതേസമയം ഭാര്യ ഗർഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നാണ് അൽത്താഫിന്റെ മൊഴി.



