സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു. ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് പോളിംഗ്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, നടൻ മോഹൻലാൽ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
ചരിത്രത്തിലാദ്യത്തെ തുടർഭരണത്തിന് ശേഷം ഹാട്രിക് തേടിയിറങ്ങുന്ന എൽഡിഎഫും പത്ത് വർഷമായി ഭരണത്തിൽ നിന്നും പുറത്തായിരുന്ന യുഡിഎഫിനും ഒപ്പം കരുത്ത് തെളിയിക്കാനുള്ള എൻഡിഎയുടെയും അഭിമാനപോരാട്ടമാണ് ഇന്ന് നടക്കുക.
സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടർമാരാണുള്ളതിൽ 1,39,21,868 പേരും സ്ത്രീകളാണ്. പുരുഷ വോട്ടർമാരുടെ എണ്ണം 1,32,20,811. ആണ്. 271 ട്രാൻസ്ജെൻഡർ വോട്ടർമാരും പട്ടികയിലുണ്ട്. നിലവിലെ വോട്ടർപട്ടിക അനുസരിച്ച് പുരുഷന്മാരേക്കാൾ 7,01,057 അധികം സ്ത്രീ വോര്‍ട്ടര്‍മാരാണുള്ളത്. ഇവരുടെ നിലപാട് തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 129 ഇടങ്ങളിലും സ്ത്രീ വോട്ടർമാരാണ് കൂടുതൽ ഉള്ളത്. 11 മണ്ഡലങ്ങളിൽ മാത്രമാണ് സ്ത്രീ വോട്ടർമാരേക്കാൾ പുരുഷ വോട്ടർമാരുള്ളത്. അതുകണക്കിലെടുത്താണ് മുന്നണികൾ പ്രകടന പത്രികയും ഒരുക്കിയിരിക്കുന്നത്.



