കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണ അന്ത്യം. പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. പൂവത്തുംചാലിൽ റിജിൻലാലിന്റെ ഭാര്യ സോന (27) ആണ് മരണപ്പെട്ടത്.
ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് ഭർത്താവ് റിജിൻലാലിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആണ് ഇവർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിക്കുന്നത്. സോന കാറിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നിരുന്നത്.
കാറിന്റെ മുൻഭാഗത്ത് നിന്ന് തീ പടർന്ന ഉടൻ തന്നെ വാഹനം ഓടിച്ചിരുന്ന റിജിൻലാൽ പുറത്തിറങ്ങി സോനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പിൻഭാഗത്തെ ഡോർ ജാമായി ലോക്കായതിനാൽ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഓടിക്കൂടിയ നാട്ടുകാർ ഏറെ പണിപ്പെട്ട് ഡോർ തകർത്ത് സോനയെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



