കൊച്ചി: അറ്റകുറ്റപ്പണികൾക്കായി ആലുവ മാർത്താണ്ഡവർമ പഴയ പാലം അടച്ചതിന് പിന്നാലെ ദേശം പാലവും അടയ്ക്കുന്നു. വെള്ളിയാഴ്ച മുതൽ നവംബർ ഏഴ് വരെയാണ് ദേശം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുക. ഇതോടെ ആലുവ മേഖലയിലെ ഗതാഗത നിയന്ത്രണങ്ങളിൽ പൊലീസ് മാറ്റം വരുത്തി.
മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപ്പണികൾക്കായി ബുധനാഴ്ചയാണ് അടച്ചത്. ദേശം പാലത്തിലെ അറ്റകുറ്റപ്പണികൾക്ക് കുറച്ച് ദിവസം മതിയാകുമെന്നതിനാലാണ് വെള്ളിയാഴ്ച മുതൽ പാലം അടയ്ക്കാൻ തീരുമാനിച്ചത്.
പഴയ പാലം അടയ്ക്കുമ്പോൾ പുതിയ പാലത്തിലൂടെ നിയന്ത്രിതമായി വാഹനങ്ങൾ കടത്തിവിടാനായിരുന്നു പൊലീസിന്റെ ആദ്യ തീരുമാനം. എന്നാൽ തിരക്ക് വർധിച്ചതോടെ വടക്കുനിന്നുള്ള വാഹനങ്ങളെ തോട്ടയ്ക്കാട്ടുകരയിലും തെക്കുനിന്നുള്ള വാഹനങ്ങളെ ബൈപാസ് കവലയിലും തടഞ്ഞു. തുടർന്ന് ഇടവിട്ട് വാഹനങ്ങളെ കൂട്ടത്തോടെ പുതിയ പാലത്തിലൂടെ കടത്തിവിടുകയായിരുന്നു.
ഗതാഗത നിയന്ത്രണത്തിൽ തുടക്കത്തിലേ ആശയക്കുഴപ്പം
ബുധനാഴ്ച രാവിലെ ഒൻപതോടെയാണ് ബാരിക്കേഡുകൾ സ്ഥാപിച്ച് മാർത്താണ്ഡവർമ പഴയ പാലത്തിലേക്കുള്ള ഗതാഗതം പൂർണമായി തടഞ്ഞത്. പുലർച്ചെ മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ബാരിക്കേഡുകൾ സ്ഥാപിക്കാൻ വൈകിയതോടെ അങ്കമാലി, എറണാകുളം ഭാഗങ്ങളിൽനിന്ന് കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാലത്തിന് സമീപമെത്തി.
വൈറ്റില ഭാഗത്തുനിന്നുള്ള ലോറികൾ ഇടപ്പള്ളി, കളമശേരി മേഖലകളിൽവെച്ച് തിരിച്ചുവിടണമെന്ന നിർദേശവും പൂർണമായി നടപ്പായില്ലെന്നാണ് റിപ്പോർട്ട്. ലോറികൾ വഴിതിരിച്ചുവിടാൻ ആവശ്യമായ കൊച്ചി സിറ്റി പൊലീസ് സാന്നിധ്യമുണ്ടായിരുന്നില്ലെന്നും ഇതുസംബന്ധിച്ച് റൂറൽ പൊലീസ് അറിയിച്ചിട്ടും വേണ്ട സഹകരണം ലഭിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
എക്സ്പാൻഷൻ ജോയിന്റ് അറ്റകുറ്റപ്പണി
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) വിദഗ്ധരുടെ മേൽനോട്ടത്തിലാണ് കരാറുകാർ പാലത്തിലെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. എക്സ്പാൻഷൻ ജോയിന്റുകളുടെ അറ്റകുറ്റപ്പണികളാണ് പ്രധാനമായും നടക്കുന്നത്. നാല് തൂണുകളിലും അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്.
പാലവും അപ്രോച്ച് റോഡും ചേരുന്ന ഭാഗത്തെ കോൺക്രീറ്റ് നീക്കം ചെയ്യുന്ന ജോലിയാണ് പാലം അടച്ച ആദ്യദിവസമായ ബുധനാഴ്ച നടന്നത്. ദേശം പാലം കൂടി അടയ്ക്കുന്നതോടെ ആലുവ മേഖലയിലെ ഗതാഗതക്കുരുക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ബദൽ വഴികൾ പരിഗണിക്കേണ്ടിവരും.



