സ്കൂൾ തുറന്നു കഴിഞ്ഞാൽ അമ്മമാർ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് കുട്ടികൾക്ക് കൊടുക്കുന്ന ആഹാരങ്ങളെപ്പറ്റി ആയിരിക്കും. എന്നാൽ പോഷക സമൃദ്ധമായതും കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതുമായ ആഹാരങ്ങൾ വേണം ഇനി നമ്മുടെ കുട്ടികൾക്ക് കൊടുക്കാൻ. അതിനായി അമ്മമാർ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ഏകാഗ്രത ലഭിക്കാൻപ്രഭാതഭക്ഷണം
സ്കൂളിൽ പോകുന്ന കുട്ടികൾക്ക് ഏറെ അത്യാവശ്യമായി വേണ്ടതാണ് പ്രഭാത ഭക്ഷണം. എന്നാൽ കൂടുതൽ കുട്ടികളും രാവിലത്തെ ആഹാരം കഴിക്കാറില്ല എന്ന് പഠനങ്ങൾ പറയുന്നു. ഇത് കുട്ടികളുടെ ബുദ്ധിവികാസത്തിനും ഏകാഗ്രതക്കും തടസ്സമായി വരുന്നു. കുട്ടികൾക്ക് എന്താഹാരം വേണമെന്ന് അവരെക്കൊണ്ട് തന്നെ നമ്മൾക്കൊരു മെനു ഉണ്ടാക്കാൻ സഹായിക്കാം. ഇത് നല്ലൊരു ആഹാര ശൈലി വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുന്നു. ഇഡലി, ദോശ, പുട്ട്, ഉപ്പുമാവ് ,അപ്പം, മുട്ട പുഴുങ്ങിയത് ,പാൽ തുടങ്ങിയ ആഹാരങ്ങൾ ബ്രേക്ക് ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ദിവസവും അര ഗ്ലാസ് പാൽ എങ്കിലും കുട്ടികൾ കുടിക്കുന്നത് നന്നായിരിക്കും.വളരുന്ന കുട്ടികൾക്ക് ഇത് വളരെ അത്യാവശ്യമാണ്.

കരുതാം ഉച്ചഭക്ഷണം
കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാൻ ഇരിക്കുന്നത് മിക്ക സ്കൂളുകളിലും ടീച്ചേഴ്സിന് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ആയമാരും ടീച്ചേഴ്സും ഒരുമിച്ചു നിന്നാണ് കുട്ടികളെ ആഹാരം കഴിപ്പിക്കുന്നത്. പ്രത്യേകിച്ചും പ്രൈമറി ക്ലാസുകളിൽ. അല്പം ഒന്ന് ശ്രദ്ധിച്ചാൽ ഇവിടെയും നമ്മൾക്ക് മാറ്റം വരുത്താൻ സാധിക്കും. ഉച്ചഭക്ഷണത്തിൽ കുട്ടികൾക്ക് ഇഷ്ടപ്പെട്ട കറികൾ ഉൾപ്പെടുത്തണം. മുട്ട ,മീൻ, മീൻ ,ഇറച്ചി തുടങ്ങിയ വിഭവങ്ങളോടൊപ്പം പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്താം. അവിയൽ ,സാമ്പാർ തോരൻ തുടങ്ങിയ കറികളും ,ആഴ്ചയിൽ ഒരിക്കൽ ചെറുപയർ, വൻപയർ ,കടല തുടങ്ങിയ പ്രോട്ടീൻസ് അടങ്ങിയ ഭക്ഷണങ്ങളും ഉൾപ്പെടുത്താം. ഏറ്റവും അത്യാവശ്യമായി കുട്ടികളുടെ ദഹന രീതിക്ക് അനുസരിച്ച് ആരോഗ്യകരമായ ഭക്ഷണങ്ങൾ കൊടുത്തുവിടുന്നതാണ് കൂടുതൽ നല്ലത്. ചോറിന് പകരം ഇടയ്ക്ക് വെജിറ്റബിൾ പുലാവ്, തക്കാളി റൈസ് തുടങ്ങിയവയും മാറ്റി കൊടുത്തുവിടാം.

കൊടുക്കാം, ഇഷ്ടമുള്ള നാലുമണി പലഹാരങ്ങൾ
സ്കൂൾ വിട്ടു വരുമ്പോൾ എന്തായിരിക്കും വീട്ടിൽ ഉണ്ടാക്കി വെച്ചിരിക്കുന്നത് എന്നറിയാൻ മിക്ക കുട്ടികളിലും ഒരു ആകാംക്ഷ ഉണ്ടാകും. അവിടെയും നമ്മൾക്ക് അവരുടെ ഇഷ്ടങ്ങളിലൂടെയുള്ള ആഹാരങ്ങൾ നൽകാം. അവൾ നനച്ചത്, ഇലയട , മധുരം വെച്ച കൊഴുക്കട്ട, ഏത്തപ്പഴം പുഴുങ്ങിയത്, ചക്കര ചപ്പാത്തി, തുടങ്ങിയ ആഹാരങ്ങൾ കുട്ടികൾക്ക് കൂടുതൽ ഇഷ്ടമായിരിക്കും. ന്യൂഡിൽസ് കൊടുക്കുവാണെങ്കിൽ അതിൻ്റെ കൂടെ കുറച്ച് പച്ചക്കറികളും ചേർക്കുന്നത് നന്നായിരിക്കും. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ കൊടുക്കാതിരിക്കുന്നതാണ് കൂടുതൽ ഉചിതം.

ഇത് കൂടാതെ ഇടനേരങ്ങളിൽ പഴങ്ങൾ , പച്ചക്കറികൾ അരിഞ്ഞതും, ഡ്രൈ ഫ്രൂട്ട്സും കഴിക്കുന്നത് നന്നായിരിക്കും. അതുപോലെതന്നെ രാത്രിയിൽ എട്ടിന് മുമ്പായി ആഹാരം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ശീലിക്കാം. എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്ന ഒരു രീതി കുട്ടികളുടെ മാനസിക ആരോഗ്യത്തെയും കൂടുതൽ മെച്ചമാക്കാൻ സഹായിക്കും.
വൈറ്റമിൻസ് അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ മുതിർന്നവരും ശ്രദ്ധിക്കണം. കൂടെ ഏറ്റവും അത്യാവശ്യമായതാണ് വെള്ളം.
മഴക്കാലമായതുകൊണ്ട് വെള്ളം കുടിക്കുന്നത് കുറവ് വന്നാൽ ഡീഹൈഡ്രേഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ആഹാരത്തോടൊപ്പം ജലവും നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ്.



