Wednesday, June 10, 2026
spot_imgspot_imgspot_img
HomeCinemaനാട്ടിലെ ഒരു ഡോക്ടറെ അമിതമായി വിശ്വസിച്ചു; വൈകിയാണ് നാലാംഘട്ട കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്'; ഒരു രോഗിയോട് ഒരു...

നാട്ടിലെ ഒരു ഡോക്ടറെ അമിതമായി വിശ്വസിച്ചു; വൈകിയാണ് നാലാംഘട്ട കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്’; ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാന്‍ പാടില്ല; ആന്റിയുടെ വിയോഗത്തില്‍ അഞ്ജു അരവിന്ദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഞ്ജു അരവിന്ദ്. മികച്ച നര്‍ത്തകി കൂടിയായ താരം സമൂഹമാധ്യമത്തിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയുടെ അനിയത്തിയുടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് താരം പങ്കുവച്ച കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇടയ്ക്ക് വയറുവേദന വരാറുണ്ടായിരുന്നു. നാട്ടിലെ ഡോക്ടറെ കാണിച്ചപ്പോഴെല്ലാം ഗ്യാസിന്റെ മരുന്നായിരുന്നു കൊടുത്തത്. കൂടുതല്‍ പരിശോധനകളൊന്നും നടത്താനും പറഞ്ഞിരുന്നില്ല. കാന്‍സറാണെന്ന് അറിയുമ്പോഴേക്കും വൈകിപ്പോയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സങ്കട വാര്‍ത്ത പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

രാജാൻ്റി… അമ്മയുടെ അനിയത്തി മാത്രമല്ല, എനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നു. എന്റെ ജീവിതത്തിലെ ഒരു വലിയ റോൾ മോഡൽ.

ആൻ്റി സാരി ഉടുത്ത് നടക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഇന്നത്തെ പോലെ അല്ല, അന്നത്തെ കാലത്ത് ഹീൽ ചെരുപ്പ് ധരിച്ച് ആത്മവിശ്വാസത്തോടെ നടന്നിരുന്ന ഒരാളായിരുന്നു ആൻ്റി. ഞാൻ ആദ്യമായി അത് കണ്ടതും ആൻ്റിയിലൂടെയായിരുന്നു.

എന്റെ നൃത്തപഠനകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. ആദ്യമായി കുച്ചിപ്പുടി പഠിച്ചപ്പോൾ ഡ്രസ്സ് തുന്നാൻ പോലും വഴിയില്ലാതിരുന്ന സമയത്ത് ആൻ്റി തന്റെ സാരി തന്നു. ആ സാരി സ്റ്റിച്ച് ചെയ്താണ് എന്റെ ആദ്യ നൃത്തവേഷം ഒരുക്കിയത്. ആ വേഷം ധരിച്ച് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്ത ഞാൻ സ്റ്റേറ്റ് ലെവൽ വരെ എത്തി.

ഇന്ന് ഞാൻ സ്വയംപര്യാപ്തയായി, സ്വന്തം കാലിൽ നിൽക്കി ജോലി ചെയ്ത് ജീവിക്കുന്നുണ്ടെങ്കിൽ അതിന്റെ മുക്കാൽ ഭാഗം ക്രെഡിറ്റും രാജാൻ്റിക്കാണ്.

ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് മാതൃഭൂമിയിൽ വന്ന ഒരു പരസ്യം ആൻ്റി എനിക്ക് കാണിച്ചുതന്നു. ആ കോളേജിലേക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിച്ചു. അതിലൂടെയാണ് ഞാൻ ഭരതനാട്യത്തിൽ B.A. എടുത്തത്. പിന്നീട് RLV-യിൽ നിന്ന് M.A.യും പൂർത്തിയാക്കി. എന്റെ സിനിമാജീവിതത്തിലേക്കുള്ള യാത്രയ്ക്കും നിമിത്തമായത് രാജാൻ്റി തന്നെയാണ്.

പക്ഷേ, നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതാണ് നമുക്ക് പറ്റിയ വലിയ തെറ്റ്. ആൻ്റി വയറുവേദനയെക്കുറിച്ച് പറയുമ്പോഴെല്ലാം അത് ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്ത് തിരിച്ചയക്കുമായിരുന്നു. ഏറെ വൈകിയാണ് അത് നാലാം ഘട്ട കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തിൽ തന്നെ ഒരു സ്കാനിംഗ് നിർദേശിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ രാജാൻ്റി ഇന്നും നമ്മളോടൊപ്പം ഉണ്ടായേനേ. ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാൻ പാടില്ല.

ഇന്ന് എല്ലാം അവസാനിച്ച് ആൻ്റിയെ അവസാനമായി ഒരുക്കിക്കൊടുക്കുമ്പോൾ മനസ്സ് തകർന്നുപോയി. വാക്കുകൾക്കതീതമായ ഒരു ശൂന്യത…

തീരാത്ത കടപ്പാടും അളവറ്റ സ്നേഹവും മാത്രം ബാക്കി.

പ്രണാമം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments