സംസ്ഥാനത്ത് മഴയ്ക്കൊപ്പം ഇടിമിന്നൽ സാധ്യതയും വർധിക്കുന്നു. തുലാവർഷത്തിന്റെ സാന്നിധ്യം, ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ്, അന്തരീക്ഷത്തിലെ ചൂട്, വായുവിന്റെ അസ്ഥിരത എന്നിവയാണ് മിന്നൽ വർധിക്കുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ഒക്ടോബറിലെ കണക്കുകൾ പ്രകാരം കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ മിന്നൽ രേഖപ്പെടുത്തിയത്. എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളും മിന്നൽ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളിലുണ്ട്.
ഇടിമിന്നൽ നിസാരമല്ല; ഈ മുൻകരുതലുകൾ മറക്കരുത്
മിന്നൽ എല്ലാ സമയത്തും ദൃശ്യമാകണമെന്നില്ല. അതിനാൽ ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷാ നടപടികൾ സ്വീകരിക്കണം.
തുറസ്സായ സ്ഥലങ്ങളിൽ നിന്ന് മാറുക: ഇടിമിന്നലിന്റെ സൂചന ലഭിച്ചാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കും.
ജനലുകളും വാതിലുകളും അടയ്ക്കുക: ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമ്പോൾ ജനലുകൾക്കും വാതിലുകൾക്കും സമീപം നിൽക്കരുത്. വീടിനുള്ളിൽ സുരക്ഷിതമായ സ്ഥലത്ത് തുടരുക. മേഘാവൃതമായ അന്തരീക്ഷത്തിൽ ടെറസിലും മുറ്റത്തും കുട്ടികൾ ഉൾപ്പെടെയുള്ളവർ കളിക്കുന്നത് ഒഴിവാക്കണം.
മരങ്ങൾക്കടിയിൽ അഭയം തേടരുത്: ഉയരമുള്ള മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും മരങ്ങൾക്കടിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടകരമാണ്. ഉയർന്ന പ്രദേശങ്ങളിലും മരക്കൊമ്പുകളിലും തുടരുന്നതും ഒഴിവാക്കണം.
തുറസ്സായ സ്ഥലത്ത് കുടുങ്ങിയാൽ: സമീപത്ത് സുരക്ഷിതമായ കെട്ടിടമില്ലെങ്കിൽ താഴ്ന്ന സ്ഥലത്തേക്ക് മാറുക. കാലുകൾ ചേർത്തുവച്ച് തല താഴ്ത്തി ശരീരം കഴിയുന്നത്ര ചെറുതാക്കി കുനിഞ്ഞിരിക്കുക. നിലത്ത് പൂർണമായി കിടക്കരുത്.
ഫോൺ ഉപയോഗത്തിൽ ജാഗ്രത: ഇടിമിന്നലുള്ള സമയത്ത് വയർഡ് ടെലിഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഫോൺ ഉപയോഗം മിന്നലിനെ ആകർഷിക്കില്ലെങ്കിലും സുരക്ഷിതമായ അഭയസ്ഥാനം കണ്ടെത്തുന്നതിന് മുൻഗണന നൽകണം.
വൈദ്യുതോപകരണങ്ങൾ സുരക്ഷിതമാക്കുക: ഇടിമിന്നലിന് മുമ്പ് വൈദ്യുതോപകരണങ്ങളുടെ പ്ലഗുകൾ ഊരിവയ്ക്കാം. മിന്നൽ ആരംഭിച്ചശേഷം പ്ലഗുകൾ ഊരാൻ ശ്രമിക്കരുത്. പൈപ്പുകൾ, ടാപ്പുകൾ, വൈദ്യുത ബന്ധമുള്ള ഉപകരണങ്ങൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കുക.
വാഹനത്തിനുള്ളിൽ തുടരുക: അടച്ച മേൽക്കൂരയുള്ള വാഹനത്തിനുള്ളിൽ ജനലുകൾ അടച്ച് തുടരുന്നത് താരതമ്യേന സുരക്ഷിതമാണ്. കൈകാലുകൾ പുറത്തേക്ക് ഇടരുത്. ബൈക്ക്, സൈക്കിൾ, ട്രാക്ടർ തുടങ്ങിയ തുറന്ന വാഹനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുക.
ടെറസിലും മുറ്റത്തും പോകരുത്: ഇടിമിന്നൽ സമയത്ത് തുണികൾ എടുക്കാനോ മറ്റ് ആവശ്യങ്ങൾക്കോ പുറത്തേക്ക് ഇറങ്ങരുത്. പട്ടം പറത്തുന്നതും ഒഴിവാക്കണം. കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ മുൻകൂട്ടി സുരക്ഷിതമാക്കുക.
കുളിക്കുന്നതും വെള്ളം ഉപയോഗിക്കുന്നതും ഒഴിവാക്കുക: ഇടിമിന്നൽ സമയത്ത് കുളിക്കുകയോ ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കുകയോ ചെയ്യരുത്. പൈപ്പുകളിലൂടെ വൈദ്യുതപ്രവാഹം എത്താൻ സാധ്യതയുണ്ട്.
ജലാശയങ്ങളിൽ നിന്ന് മാറിനിൽക്കുക: ഇടിമിന്നലുള്ളപ്പോൾ കുളിക്കാനോ മീൻപിടിക്കാനോ ജലാശയങ്ങളിൽ ഇറങ്ങരുത്. മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉടൻ നിർത്തി കരയിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം. ബോട്ടിന്റെ ഡെക്കിൽ നിൽക്കുന്നതും ചൂണ്ടയിടുന്നതും വലയെറിയുന്നതും ഒഴിവാക്കുക.
വളർത്തുമൃഗങ്ങളെയും സുരക്ഷിതമാക്കുക: മിന്നൽ സാധ്യതയുള്ളപ്പോൾ വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടിയിടരുത്. മഴക്കാറ് കണ്ടുതുടങ്ങുമ്



