കോട്ടയം : അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അഞ്ചുപേർക്ക് പരുക്കേറ്റു. കോട്ടയം ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിലാണ് അപകടം. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് ഏഴോടെയായിരുന്നു അപകടം.
ചങ്ങനാശേരിയിൽനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന താണ്ടപ്ര ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് കയറുകയും സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ ഫുട്പാത്തിലെ ബാരിക്കേഡും സമീപത്തെ പോസ്റ്റും തകർന്നു.
അപകടത്തിനു പിന്നാലെ ബസിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. കനത്ത മഴയും ഗതാഗതക്കുരുക്കും നിലനിൽക്കുന്നതിനിടെയായിരുന്നു അപകടം. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
പരുക്കേറ്റവരെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



