കാസർഗോഡ്: ചർലടുക്ക സ്വദേശിനിയായ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. ആത്മഹത്യ പ്രേരണയും സ്ത്രീധന പീഡനവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഭർത്താവ് ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഭർതൃമാതാവിനെയും പ്രതിചേർത്തു.
ഭർതൃവീട്ടിൽ നിന്നുണ്ടായിരുന്ന നിരന്തര പീഡനത്തെ തുടർന്നാണ് സുഫൈദ ആത്മഹത്യ ചെയ്തത്.സ്വന്തം വീട്ടുകാരുടെ മുന്നിൽവെച്ചാണ് യുവതി ആസിഡ് കുടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)



