കൂത്താട്ടുകുളം : വിവാഹ സംഘം യാത്ര ചെയ്ത ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്ന വിവാഹ സംഘം പിറവം റോഡിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.
റോഡിൽ നിന്ന് എതിർവശത്തെ പെട്രോൾ പമ്പിലേക്ക് ബൈക്ക് യാത്രക്കാരൻ കയറാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി ബസ് വെട്ടിക്കുന്നതിനിടയിലാണ് നിയന്ത്രണം നഷ്ടമായത്. ബസ്സ് പെട്രോൾ പമ്പിൽ ഇരുമ്പ് കമ്പിയിൽ ഇടിച്ച് മറിയുകയായിരുന്നു. പമ്പിൽ അപ്പോൾ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട യാത്രക്കാരെ നാട്ടുകാർ ചേർന്ന് കൂത്താട്ടുകുളത്തെ ദേവമാതാ ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചു. അപകടത്തെ തുടർന്ന് ഫയർഫോഴ്സും പോലീസും എത്തിയിരുന്നു.



