ബെംഗളൂരു: ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി. ബെംഗളൂരുവിൽ താമസിക്കുന്ന ഐടി ജീവനക്കാരായ തെലങ്കാന സിദ്ദിപേട്ട് സ്വദേശി ഭാനു ചന്ദർ റെഡ്ഡി(32) ഭാര്യ ബീബി ഷാസിയ സിറാജ്(31) എന്നിവർ ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
പോലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കൊത്തനൂർ പ്രദേശത്തെ വീട്ടിൽ റെഡ്ഡി തൂങ്ങിമരിച്ചു. ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയതിന് ശേഷം ഷാസിയ അവരുടെ കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് ചാടി മരിച്ചു. ഇരുവരുടെയും ആത്മഹത്യാ തീരുമാനത്തിന് പിന്നിൽ തുടർച്ചയായ ദാമ്പത്യ പ്രശ്‌നങ്ങളുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം രണ്ടുപേരുടെ മരണങ്ങളിലും വ്യത്യസ്ത എഫ്‌ഐആറുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളിൽനിന്നടക്കം മൊഴി രേഖപ്പെടുത്തുകയാണെന്നും ആത്മഹത്യയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)



