Monday, May 25, 2026
spot_imgspot_imgspot_img
HomeHomeമന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിൽ നിരാശ; ടേം വ്യവസ്ഥ ഞാനും അനൂപും അംഗീകരിച്ചു; മാണി സി കാപ്പൻ

മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിൽ നിരാശ; ടേം വ്യവസ്ഥ ഞാനും അനൂപും അംഗീകരിച്ചു; മാണി സി കാപ്പൻ

തിരുവനന്തപുരം: മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിൽ വ്യക്തിപരമായ നിരാശയുണ്ടെന്ന് നിയുക്ത എംഎൽഎ മാണി സി കാപ്പൻ. എന്നാൽ മുന്നണി നേതൃത്വത്തിൽ നിന്ന് രണ്ടാം ടേമിൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ടെന്നും,അത് സംബന്ധിച്ച ധാരണ നേരത്തെ തന്നെ രൂപപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടര വർഷം അനൂപ് ജേക്കബ് മന്ത്രിസ്ഥാനത്ത് തുടരുകയും, തുടർന്ന് ശേഷിക്കുന്ന രണ്ടര വർഷം തനിക്ക് മന്ത്രിസ്ഥാനം നൽകുകയും ചെയ്യുമെന്നതാണ് ധാരണയെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ ടേം വ്യവസ്ഥ ഇരുവരും ചേർന്നാണ് അംഗീകരിച്ചതെന്നും അതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലാതിരുന്നുവെന്നും മാണി സി കാപ്പൻ പറഞ്ഞു.

പാലാ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മാണി സി കാപ്പൻ, എൽഡിഎഫ് സ്ഥാനാർഥിയായ ജോസ് കെ മണിയെ 2,991 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ഇത്രയും ശക്തമായ ജനവിധി നേടിയിട്ടും മന്ത്രിസഭയിൽ ഇടം ലഭിക്കാതിരുന്നത് മണ്ഡലത്തിലെ പ്രവർത്തകരിലും ജനങ്ങളിലും നിരാശ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.നിരവധി പേർ വിളിച്ച് വിഷമം അറിയിച്ചിട്ടുണ്ടെന്നും തനിക്ക് ലഭിക്കേണ്ട അംഗീകാരം വൈകിപ്പോയെന്ന തോന്നൽ പ്രവർത്തകർക്കിടയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിസ്ഥാനം ലഭിക്കുംവരെ കാബിനറ്റ് റാങ്കുള്ള ഒരു പദവി നൽകാമെന്ന ഉറപ്പും മുന്നണി നേതൃത്വം നൽകിയിട്ടുണ്ടെന്ന് മാണി സി കാപ്പൻ വെളിപ്പെടുത്തി. ആ പദവി എത്രയും വേഗം നൽകണമെന്നാവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം,മന്ത്രിസ്ഥാനം ലഭിക്കാതിരിക്കാൻ മുന്നണിയിലെ ഒരു നേതാവിൻ്റെ ഇടപെടൽ കാരണമാണെന്നാണ് തന്റെ വിശ്വാസമെന്നും, എന്നാൽ ആ നേതാവിൻ്റെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും, ഉചിതമായ സമയത്ത് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും മാണി സി കാപ്പൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments