കണ്ണൂർ: ജില്ലയിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി എം വി സനൽ കുമാർ (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കിണർ നിർമ്മാണ തൊഴിലാളിയായ സനൽ കുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ സഹപ്രവർത്തകർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ജില്ലാ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
അതിനിടെ സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഈ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാള്‍ നാലു മുതല്‍ അഞ്ചു ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഞായറാഴ്ച വരെ സംസ്ഥാനത്ത് താപനില ഉയര്‍ന്ന് നില്‍ക്കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.



