ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിലുള്ള ബർഗി അണക്കെട്ടിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തകരെ കണ്ണീരിലാഴ്ത്തി അപകടത്തിൽപ്പെട്ട അമ്മയുടേയും കുഞ്ഞിന്റേയും ദൃശ്യങ്ങൾ. ഒരു ലൈഫ് ജാക്കറ്റിൽ മകനെ നെഞ്ചോട് ചേർത്ത് പിടിച്ച നിലയിലാണ് ബോട്ടപകടത്തിൽ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം അണക്കെട്ടിൽ നിന്ന് പുറത്ത് എടുത്തത്.
വെള്ളിയാഴ്ച രാവിലെയോടെയാണ് ഈ ഹൃദയഭേദകമായ ചിത്രം പുറത്ത് വന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഏകദേശം 29 യാത്രക്കാരുമായി പോയ ക്രൂയിസ് ബോട്ട് ശക്തമായ കാറ്റിലും മഴയിലും പെട്ട് ബർഗി അണക്കെട്ടിന്റെ ജലസംഭരണിയിൽ മറിഞ്ഞത്.
അപകടം നടന്ന ഉടൻ തന്നെ പ്രദേശവാസികളും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. 23 പേരെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാൻ സാധിച്ചു. എന്നാൽ, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും ലൈഫ് ജാക്കറ്റുകൾ നൽകാൻ വൈകിയെന്നും രക്ഷപ്പെട്ട ചില യാത്രക്കാർ ആരോപിച്ചിരുന്നു. കാറ്റ് ശക്തമായപ്പോൾ ബോട്ട് കരയിലേക്ക് അടുപ്പിക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അത് ചെവിക്കൊണ്ടില്ലെന്നും പരാതിയുണ്ട്.



