മണർകാട്: കഴിഞ്ഞദിവസം അന്തരിച്ച മലങ്കര യാക്കോബാ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായ റവറന്റ് ഇ ടി കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്യാടത്ത് ൻ്റ ശവസംസ്കാര ശുശ്രൂഷകൾ ഇന്ന് മണർകാട് കത്തിഡ്രലിൽ വെച്ച് നടക്കും. സംസ്കാര ശുശ്രൂഷയ്ക്ക് ശ്രേഷ്ഠ കത്തോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.
മണർകാട് പള്ളിയുടെ വികാരി എന്നതിലുപരി മണർകാടിന്റെ നിറസാന്നിധ്യമായിരുന്ന വൈദികനായിരുന്നു ഇ ടി കുര്യാക്കോസ് ഇട്ടിയേടത്ത് കോർ എപ്പിസ്കോപ്പ.ഇട്ടിയേടത്തച്ചൻ എന്നാണ് നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്നത്. തൻറെ ആത്മീയ ബലം കൊണ്ടും ഇച്ഛാശക്തി കൊണ്ടും ഏത് പ്രശ്നങ്ങളെയും തരണം ചെയ്യാൻ അച്ഛന് കഴിഞ്ഞിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ എല്ലാവരെയും സ്വീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിരുന്നു. എന്ത് പ്രശ്നങ്ങളുണ്ടായാലും അച്ഛൻ അതിനെ സമാധാനത്തോടുകൂടി പരിഹരിച്ചിരുന്നു. അതുകൊണ്ടുതന്നെ നാട്ടുകാർക്കെല്ലാം അച്ഛൻ പിതൃതുല്യനായിരുന്നു.മികച്ച അധ്യാപകനായും അതിലുപരി നല്ലൊരു കർഷകനും ആയിരുന്നു ഇട്ടിയേടത്തച്ചൻ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. മണർകാട് ഇടവകയുടെ വളർച്ചയ്ക്ക് നിസ്വാർത്ഥമായ സേവനം വഹിച്ച വൈദികൻ കൂടിയായിരുന്നു.
2007 പഴയിടത്ത് വയലിൽ മാത്യു പി ഏലിയാസ് കോർ എപ്പിസ്കോപ്പയുടെ നിര്യാണത്തെ തുടർന്നാണ് മണർകാട് സെൻറ് മേരീസ് യാക്കോബ സുറിയാനി പള്ളിയുടെ വികാരിയായി ഇടിയേടത്തച്ചൻ ചുമതലയേറ്റത്. ദീർഘകാലം പള്ളിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രിയുടെയും മേൽനോട്ടം വഹിച്ചിരുന്നു. അച്ഛൻറെ നിര്യാണത്തെ തുടർന്ന് മോർച്ചറിയിൽ ആയിരുന്ന മൃതദേഹം
ഇന്നലെ ഉച്ച കഴിഞ്ഞാണ് മാലത്തെ വസതിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ,സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രി അനൂപ് ജേക്കബ് തുടങ്ങിയ രാഷ്ട്രീയത്തിലെ പ്രമുഖരായ വ്യക്തികൾ അച്ഛന് ആദരാഞ്ജലികൾ അർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു. കൂടാതെ സഭയുടെ ഉന്നത സ്ഥാനം വഹിക്കുന്നവരും വിവിധ സാംസ്കാരിക സാമുദായിക രംഗത്തെ നിരവധി ആൾക്കാരും അച്ഛന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
ശവസംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ തന്നെ വീട്ടിൽനിന്ന് ആരംഭിക്കും. തുടർന്ന് വീട്ടിൽ നിന്ന് കത്തിഡ്രലിലേക്ക് നഗരി കാണിക്കലും ഉണ്ടാകും. അതിനുശേഷം പള്ളിയിൽ വെച്ച് സംസ്കാര ശുശ്രൂഷകൾ നടക്കും. തുടർന്ന് താഴത്തെ പള്ളിയിൽ നിന്നും കരോട്ടെ പള്ളിയിലേക്ക് അനു യാത്ര നടക്കും. അവിടെ ചെന്നതിനു ശേഷം വിടവാങ്ങൽ ശുശ്രൂഷ കബറടക്കം ,ധൂപ പ്രാർത്ഥന എന്നിവ നടത്തുന്നതാണ്.



