കൊച്ചി∙ ഒരേ സ്കൂട്ടറിൽ അഞ്ച് പേർ യാത്ര ചെയ്ത സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കൊച്ചിയിലെ തിരക്കേറിയ റോഡിലൂടെ അഞ്ച് വിദ്യാർഥികൾ ഒരേ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് എംവിഡി ഇടപെട്ടത്. സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അഞ്ച് പേരുടെയും മാതാപിതാക്കളോട് നേരിട്ടെത്തി ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
പൈപ്പ് ലൈൻ റോഡിലായിരുന്നു വിദ്യാർഥികളുടെ അപകടകരമായ യാത്ര. സ്കൂട്ടറിൽ അഞ്ച് പേർ ഒരുമിച്ച് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഇത് പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഉടമയെ കണ്ടെത്തി. വിദ്യാർഥികളോട് സുഹൃത്തുക്കൾക്കൊപ്പം ഹാജരാകാനും നിർദേശിച്ചു.
തൃക്കാക്കരയിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്. നിയമം ലംഘിച്ച് ഒന്നിലധികം പേരെ സ്കൂട്ടറിൽ കയറ്റിയതിന് വാഹന ഉടമയ്ക്ക് 1,000 രൂപ പിഴ ചുമത്തി. ഹെൽമറ്റ് ധരിക്കാതിരുന്ന മൂന്ന് പേർക്ക് 500 രൂപ വീതവും പിഴയിട്ടു. സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്കൊപ്പം മാതാപിതാക്കളെയും ബോധവത്കരണത്തിന്റെ ഭാഗമാക്കാനാണ് എംവിഡിയുടെ തീരുമാനം. അഞ്ച് പേരും അച്ഛനോ അമ്മയോ ഒരാൾക്കൊപ്പം നേരിട്ടെത്തി ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്നാണ് നിർദേശം.



