കൊച്ചി: പ്ലസ് വൺ വിദ്യാർഥിനിയായ സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിൽ, അമ്മയും കാമുകനും ലഭിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരി വെച്ചു.
തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന മീര(16)യെ കൊലപ്പെടുത്തിയ കേസിൽ ആണ് രണ്ടാം പ്രതിയായ അമ്മ മഞ്ജുഷയ്ക്കും ഇവരുടെ കാമുകനും ഒന്നാം പ്രതിയുമായ കരിപ്പൂർ കാരാന്തല കുരിശടിയിലെ അനീഷിനും തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരി വെച്ചത്. ഇരുവരും സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി.
2019 ജൂൺ 10നാണ് സംഭവം. നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, 2024 മേയ് 15നാണ് ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മകളെ ദിവസങ്ങളായി കാണാത്തതിനെ തുടർന്ന്, മഞ്ജുഷയുടെ മാതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
മഞ്ജുഷ ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു കൂടാതെ മകളുമായി വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അവിടെ അയൽവാസിയായിരുന്നു അനീഷ്. എന്നാൽ ഇരുവരുടെയും ബന്ധം മീര എതിർത്തിരുന്നു. ഇതിന്റെ പേരിൽ മീരയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ബോധരഹിതയായതോടെ മീരയെ ബൈക്കിലിരുത്തി ഒന്നാം പ്രതിയുടെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കല്ല് കെട്ടി താഴ്ത്തുകയായിരുന്നു.



