വിദേശ വ്ലോഗർമാർ ഇന്ത്യൻ നഗരങ്ങളിൽ എത്തുമ്പോൾ പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളെ കുറിച്ച് സമൂഹ മാധ്യമ വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ കൊച്ചിയെ പുകഴ്ത്തി ന്യൂയോര്ക്കില് നിന്നുള്ള ട്രാവല് ഇന്ഫ്ലുവന്സറായ ക്ലോയി ജേഡ്.
“ഇന്ത്യ വൃത്തിഹീനമാണെന്ന് ആളുകൾ പറയുന്നു, എന്നാല് എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ഞാന് ഇപ്പോള് ഇന്ത്യയിലെ കേരളത്തിലാണുള്ളത്. മുൻ ധാരണകൾ മാറ്റുന്നതാണ് ഇവിടത്തെ കാഴ്ചകളെന്നും ക്ലോയി ജേഡ് പറയുന്നു.
എനിക്ക് ഇത് വൃത്തിഹീനമല്ല. നമുക്ക് നടപ്പാതകളിലും റോഡുകളിലും നിന്ന് ആരംഭിക്കാം. കാര്യങ്ങൾ വളരെ വൃത്തിയുള്ളതാണ്. ഇവിടെ മാലിന്യമില്ല, നടപ്പാത നിങ്ങൾക്ക് കാണാനാകുന്നത് പോലെ അക്ഷരാർത്ഥത്തിൽ മാലിന്യമില്ലാത്തതാണ്. ആളുകൾ ഭക്ഷണം വിളമ്പാൻ കയ്യുറകൾ ഉപയോഗിക്കുന്നു, ഇവിടെ എല്ലാം വളരെ വൃത്തിയുള്ളതാണ്, മിക്കവാറും എല്ലാ രാജ്യങ്ങളിലും അങ്ങനെ തന്നെ.
മാധ്യമങ്ങളിൽ കാണുന്നതിനപ്പുറം ഇന്ത്യയെ അടുത്തറിയണമെന്നും വിസ്തൃതമായ ഈ രാജ്യത്ത് വൈവിധ്യമാർന്ന അനുഭവങ്ങളാണ് കാത്തിരിക്കുന്നതെന്നും അവർ പറയുന്നു. നഗരത്തിലെ വൃത്തിയുള്ള അടുക്കളകളും ഗ്ലൗസ് ഉപയോഗിച്ച് ഭക്ഷണം വിളമ്പുന്നതും ഇവടുത്തെ രുചിയുമെല്ലാം ക്ലോയി വീഡിയോയിൽ എടുത്തുകാണിക്കുന്നു.
“ഹോട്ടലുകളിൽ പോലും നിലത്ത് മാലിന്യമില്ലെന്ന് നിങ്ങൾക്ക് കാണാൻ കഴിയും, കാരണം ഇത് വളരെ ശ്രദ്ധാപൂർവ്വം ചെയ്തതാണെന്ന് ഞങ്ങൾ കരുതുന്നു, ഭക്ഷണം വളരെ വൃത്തിയുള്ളതും ആരോഗ്യകരവുമാണ്, ഭക്ഷണം അതിശയകരമായിരുന്നു എന്ന് തന്നെ പറയാം.”
അതേസമയം കൊച്ചി മെട്രോ യാത്രയെ കുറിച്ചും ബോട്ടിലെ ശുചിത്വത്തെയും അവര് പ്രശംസിച്ചു. സോളാര് ഊര്ജം ഉപയോഗിച്ചാണ് ഇത് പ്രവര്ത്തിക്കുന്നതെന്നും ക്ലോയി ജേഡ് ചൂണ്ടിക്കാട്ടി.
സമീപകാലത്തായി സോഷ്യൽ മീഡിയയിൽ കേരളത്തിലെ ജനങ്ങളുടെ ജീവിതം വലിയ ചർച്ചയാവുന്നുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മലയാളികൾ കാണിക്കുന്ന പൊതുബോധവും മര്യാദയും അന്യസംസ്ഥാന വ്ലോഗർമാർ വരെ ചൂണ്ടിക്കാണിക്കുന്ന വിഷയമാണ്.



