കൊച്ചി : ആലുവ ചൂർണ്ണിക്കരയിൽ നാളുകളായി ഉപയോഗിക്കാതെ കിടന്നിരുന്ന കാറിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശിനി അനില തോമസാണ് മരിച്ചത്. ഫ്ലാറ്റിന്റെ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
ചൂർണ്ണിക്കരയിലെ ഫ്ലാറ്റിൽ കഴിഞ്ഞ മൂന്ന് മാസമായി അനില തനിച്ചായിരുന്നു താമസിച്ചിരുന്നതെന്നാണ് വിവരം. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരന്റെ ഉടമസ്ഥതയിലുള്ളതും ഏറെക്കാലമായി ഉപയോഗിക്കാത്തതുമായ കാറിലാണ് മൃതദേഹം കണ്ടെത്തിയത്. റോഡ് ടാക്സ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് കാർ ഫ്ലാറ്റ് പരിസരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. അധികം ആളുകളുടെ ശ്രദ്ധയിൽപ്പെടാത്ത വാഹനമായതിനാലാകാം സംഭവം വൈകി പുറത്തറിയാൻ കാരണമെന്നാണ് കരുതുന്നത്.
അനില എങ്ങനെയാണ് ഉപയോഗിക്കാതെ കിടന്നിരുന്ന കാറിനുള്ളിൽ എത്തിയതെന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. വളർത്തുനായയ്ക്കൊപ്പം നടക്കാൻ പോകുന്നതൊഴിച്ചാൽ അനില അയൽവാസികളുമായി അധികം ഇടപഴകിയിരുന്നില്ലെന്നാണ് സമീപവാസികൾ പറയുന്നത്. അതേസമയം അർബുദത്തിന് ചികിത്സയിലായിരുന്നുവെന്നും തിരുവനന്തപുരത്ത് കമ്പ്യൂട്ടർ അധിഷ്ഠിത ജോലി ചെയ്തുവരികയാണെന്നും ഇവരോട് പറഞ്ഞിരുന്നതായും അയൽവാസികൾ പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് ഇപ്പോൾ വ്യക്തതയില്ല. ആത്മഹത്യയാണോ മറ്റ് സാഹചര്യങ്ങളുണ്ടോ എന്നതടക്കം ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.



