കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടന പത്രിക. മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക പ്രകാശനം ചെയ്തു. എൽഡിഎഫിന്റെ പ്രകടന പത്രിക രണ്ട് പുസ്തകമായാണ് പുറത്തിറക്കിയിരിക്കുന്നത്.
സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്നതാണ് പ്രകടനപത്രികയിലെ ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനം. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ജോലി ഉറപ്പാക്കുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഈ അധ്യയന വർഷം തന്നെ 60,000 കുട്ടികൾക്ക് ജോലി നൽകും. അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾ തുടങ്ങുന്ന സംരംഭങ്ങൾക്ക് പലിശരഹിത വായ്പയും 50 ശതമാനം സ്ത്രീകൾക്ക് തൊഴിലും ഉറപ്പുനൽകുന്നുണ്ട്.
സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പുവരുത്തും. ഇതിന് കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും നേതൃത്വം നൽകും. സമ്പൂർണ്ണ മാലിന്യ സംസ്കരണം ഉറപ്പാക്കും. ടൂറിസം വളർച്ചയ്ക്ക് വിശദമായ പദ്ധതികളും തെരഞ്ഞെടുപ്പ് പത്രികയിലുണ്ട്. 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കും.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾെക്കതിരെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്ത്രീകളുടെ വിപുലമായ പങ്കാളിത്തത്തോടു കൂടി ക്രൈം മാപ്പിങ് നടത്തും.



