കൊച്ചി: വഴി ചോദിക്കാനെന്ന വ്യാജേന സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിൽ പ്രതി അറസ്റ്റിൽ. ആലങ്ങാട് കരിങ്ങാത്തുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷ് (45) ആണ് വരാപ്പുഴ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കോട്ടുവള്ളിക്കാവ് ക്ഷേത്രത്തിൽ പോയി മകളുടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ലതിക (68)യുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണമാലയാണ് പ്രതി കവർന്നത്. സ്കൂട്ടറിലെത്തിയ ഇയാൾ വഴി ചോദിക്കാനെന്ന വ്യാജേന ലതികയുടെ സമീപം വാഹനം നിർത്തിയശേഷം മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. ആൾത്തിരക്ക് കുറഞ്ഞ പ്രദേശത്തുവച്ചായിരുന്നു മോഷണം.
സംഭവത്തിനുശേഷം ഭയന്നുപോയ ലതിക മകളുടെ വീട്ടിലെത്തിയെങ്കിലും മകൾ ജോലിക്കായി പുറത്തുപോയിരുന്നു. തുടർന്ന് പള്ളുരുത്തിയിലെ വീട്ടിലേക്ക് പോയ ലതിക അവിടെവച്ച് അടുത്ത ബന്ധുവിനോട് വിവരം അറിയിച്ചു. ഇതിനു പിന്നാലെ രാത്രി വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മുൻപ് മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. തുടർന്നാണ് ചേരാനെല്ലൂർ ഭാഗത്തുനിന്ന് ഉമേഷിനെ അറസ്റ്റ് ചെയ്തത്.
ഹിൽ പാലസ്, കാലടി, മുളന്തുരുത്തി, പറവൂർ, എളമക്കര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ മാലപൊട്ടിക്കൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ചൂതാട്ടത്തിനായാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.



