വിശുദ്ധ കന്യകാമറിയത്തിൻ്റെ നാമധേയത്തിൽ അറിയപ്പെടുന്ന പരിശുദ്ധ ദേവാലയമാണ് മണർകാട് പള്ളി എന്നറിയപ്പെടുന്ന സെൻമേരിസ് യാക്കോബ സുറിയാനി കത്തീഡ്രൽ. മലങ്കര യാക്കോബ സുറിയാനി സഭയിലെ ഏറ്റവും പ്രമുഖമായ പള്ളിയാണിത്. കോട്ടയം ജില്ലയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രം ആണ് മണർകാട് മർത്തമറിയാം യാക്കോബ സുറിയാനി കത്തീഡ്രൽ.

സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ വിശുദ്ധ കന്യകാമറിയത്തിൻ്റെ ജനന സ്മരണ കൊണ്ടാടുന്ന പെരുന്നാൾ ആണ് എട്ട് നോയമ്പ് പെരുന്നാൾ. എട്ടു നോയമ്പ് പെരുന്നാൾ ആദ്യം തുടങ്ങിയതും മണർകാട് പള്ളിയിലാണ്. ആയിരം വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പള്ളിയാണിത്. ഇവിടെ പുരാതന ലിപിയായ നാനം മോനം (വട്ടെഴുത്ത്) ലിപിയിൽ എഴുതിയിട്ടുള്ള ശിലാലിഖിതങ്ങൾ കാണാം. വിശുദ്ധ കന്യകാമറിയത്തിന്റെ എന്ന് വിശ്വസിക്കപ്പെടുന്ന അരക്കച്ച (സുനോറോ) യുടെ അംശം ഈ പള്ളിയിൽ സ്ഥാപിച്ചിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ പള്ളിയാണിത്. വിശ്വാസത്തോടെയും ഉറച്ച വ്രതനിഷ്ഠയോടെയും എട്ട് നോയമ്പ് എടുക്കുന്നവർക്ക് അതിൻറെ ഫലപ്രാപ്തി ഉണ്ടാവുന്നു. ചരിത്രപരമായ ഒത്തിരി പ്രത്യേകതകൾ ഉള്ളതാണ് മണർകാട് പള്ളിയിലെ കൽക്കുരിശ്. 2012 ഈ കുരിശിൽ നിന്ന് സുഗന്ധ തൈലം ഒഴുകിയിരുന്നു. മുകളിൽ കാണുന്ന അത്രയും നീളം തന്നെ കൽക്കുരിശിന് താഴേക്കും ഉണ്ടെന്നാണ് വിശ്വാസം. വിശ്വാസത്തിൻറെ ഭാഗമായി കൽക്കുരിശിലെ എണ്ണ എല്ലാവരും വീട്ടിലേക്ക് കൊണ്ടുപോകാറുണ്ട്.

എട്ടു നോയമ്പ് പെരുന്നാളിൻ്റെ ആറാം ദിവസമാണ് പ്രസിദ്ധമായ റാസ. മണർകാട് കവലയിലെ കുരിശു പള്ളിയിലേക്കുള്ള പ്രദക്ഷിണമാണ് ഇത്. ആയിരക്കണക്കിന് മുത്തുകളുടെ പൊൻ വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ഈ പ്രദക്ഷിണം നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ റാസയാണിത്.

എട്ട് നോയമ്പ് പെരുന്നാളിന്റെ ഏഴാം ദിവസമാണ് നട തുറക്കൽ. പരിശുദ്ധ കന്യാമറിയത്തിൻ്റെയും ഉണ്ണിയേശുവിൻ്റെയും എണ്ണഛായ ചിത്രമാണ് ഇത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ നട തുറക്കുന്നത്. പള്ളിയുടെ സ്ഥാപനത്തിന് കാരണമായ ദർശനത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണിത്. എട്ടാം ദിവസമാണ് നേർച്ചയായ പാച്ചോർ വിതരണം ചെയ്യുന്നത്. അരിയും ശർക്കരയും തേങ്ങയും ചേർത്ത് ഉണ്ടാക്കുന്ന പാച്ചോർ നേർച്ചയോടെയാണ് വിശ്വാസികൾ എട്ടു നോയമ്പ് പെരുന്നാൾ പൂർത്തീകരിക്കുന്നത്.
ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായി അറിയപ്പെടുന്ന മണർകാട് പള്ളിയിലേക്ക് വിശ്വാസത്തോടെ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. മണർകാടിൻ്റെ മണ്ണിലെ വിശുദ്ധിയുടെ എട്ടു ദിനങ്ങളാണ് മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ട് നോയമ്പ് പെരുന്നാൾ.



