വരടിയം : പിറന്നാള്‍ ദിനത്തില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് കുഞ്ഞ് മരിച്ചു.ഇരവിമംഗലം നടുവിൽ പറമ്പിൽ റിൻസന്റെയും റിൻസിയുടെയും മകൾ എമിലിയയാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന റിൻസി, എമിലിയയുടെ സഹോദരൻ എറിക്, മുത്തച്ഛൻ മേരിദാസ്, ഓട്ടോ ഡ്രൈവർ മനോഹരൻ എന്നിവർക്കു പരുക്കേറ്റു. മേരിദാസിന്റെ പരുക്ക് ഗുരുതരമാണ്.
കുഞ്ഞിന്റെ പിറന്നാൾ ആഘോഷിക്കാൻ വരടിയത്ത് അമ്മവീട്ടിൽ നിന്ന് ഇരവിമംഗലത്തെ വീട്ടിലേക്കുള്ള യാത്രാമധ്യേ വരടിയം കൂവപ്പ പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് 7ന് ആണ് അപകടം.
മാസങ്ങളായി വരടിയം– മുണ്ടൂർ റോഡിൽ നടക്കുന്ന നവീകരണ ജോലിയുടെ ഭാഗമായി റോഡിന്റെ ഒരു വശത്ത് മണ്ണ് കൂനയായി കൂട്ടിയിട്ടിട്ടുണ്ട്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ മൺകൂനയിൽ പിൻചക്രം കയറി ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന എല്ലാവരും റോഡിലേക്ക് വീണു.തലയിൽ ഏറ്റ മുറിവാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയത്.



