കൊച്ചി:ഫോർട്ട് കൊച്ചിയിൽ ഇത്തവണ പുതുവത്സരാഘോഷങ്ങൾക്ക് ആവേശം പകരാൻ രണ്ട് കൂറ്റൻ പപ്പാഞ്ഞികൾ അഗ്നിക്കിരയാകും.kochi carnival
‘ഗലാ ഡി. ഫോർട്ട് കൊച്ചി’യുടെ നേതൃത്വത്തിൽ വെളി മൈതാനത്ത് 55 അടി ഉയരമുള്ള പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഉദ്ഘാടനം നടൻ ഷെയിൻ നിഗം നിർവഹിച്ചിരുന്നു.
കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരേഡ് മൈതാനിയിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഉയർന്നത്. ഈ രണ്ട് പപ്പാഞ്ഞികൾക്ക് പുറമെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ ആകൃതിയിലുള്ള നൂറോളം പപ്പാഞ്ഞികളും ഒരുങ്ങിയിട്ടുണ്ട്.
ഇവയെല്ലാം തന്നെ ഇന്ന് അർദ്ധ രാത്രി അഗ്നിക്കിരയാക്കും. സന്ധ്യയായാൽ ഫോർട്ട് കൊച്ചിയിലേക്ക് വൻ ജനപ്രവാഹമാണ്
അതേസമയം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശവാസികളുടെ വാഹനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്. പരേഡ്, വേളി മൈതാനങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 28 പാർക്കിംഗ് ഗ്രൗണ്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.
വൈപ്പിൻ – ഫോർട്ട് കൊച്ചി റോ-റോയിൽ വാഹനങ്ങൾ വൈകുന്നേരം 4 മണി വരെ മാത്രമേ കയറ്റൂ. യാത്രക്കാരെ 7 മണി വരെ അനുവദിക്കും. തിരക്ക് ഒഴിവാക്കാൻ മെട്രോ സർവീസ് പുലർച്ചെ 2 മണി വരെയും, വാട്ടർ മെട്രോ പുലർച്ചെ 4 മണി വരെയും സർവീസ് നടത്തും. ആവശ്യാനുസരണം ബസ് സൗകര്യങ്ങളും ലഭ്യമാക്കും. കൊച്ചി സിറ്റി മേഖലയെ ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. 1200 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. കാർണിവൽ ആഘോഷങ്ങൾക്കായി എത്തുന്നവർ പരമാവധി പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.



