വിട്ടുമാറാത്ത ചുമയും തുടർച്ചയായ ശ്വാസകോശ അണുബാധകളും ബാധിച്ച് ചികിത്സ തേടിയ 72-കാരന്റെ ശ്വാസനാളത്തിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് മനുഷ്യപ്പല്ല്. ശ്വാസകോശത്തിൽ ട്യൂമർ വളരുന്നതായിരിക്കാമെന്ന സംശയത്തെ തുടർന്നുള്ള പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഏകദേശം മൂന്ന് വർഷമായി പല്ല് ശ്വാസനാളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
സ്പ്രിംഗർ നേച്ചർ പ്രസിദ്ധീകരിക്കുന്ന *ദി ഈജിപ്ഷ്യൻ ജേണൽ ഓഫ് ബ്രോങ്കോളജി*യിൽ 2026 ഒക്ടോബർ 31-ന് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ അപൂർവ മെഡിക്കൽ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാസങ്ങളായി കഫത്തോടുകൂടിയ ചുമയും ഇടയ്ക്കിടെ ശ്വാസകോശ അണുബാധയും രോഗിയെ അലട്ടിയിരുന്നു. പലതവണ ആന്റിബയോട്ടിക്കുകൾ നൽകി ചികിത്സിച്ചിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. ഹൃദ്രോഗമുണ്ടായിരുന്ന ഇയാൾക്ക് മുൻപ് ക്യാൻസർ ബാധിച്ചിരുന്നില്ല. ശരീരഭാരം കുറയുക, പനി, രാത്രികാല അമിത വിയർപ്പ്, ചുമയ്ക്കുമ്പോൾ രക്തം വരിക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.
തുടർന്നാണ് ശ്വാസനാളത്തിന്റെ ഉൾഭാഗം പരിശോധിക്കുന്ന ബ്രോങ്കോസ്കോപ്പി നടത്തിയത്. പരിശോധനയിൽ രക്തക്കുഴലുകൾ വ്യക്തമായി കാണുന്ന ചുവന്ന നിറത്തിലുള്ള മിനുസമുള്ള വളർച്ച കണ്ടെത്തി. ഇത് ശ്വാസനാളത്തിലെ വായുപ്രവാഹം പൂർണമായും തടസ്സപ്പെടുത്തിയിരുന്നു. വളർച്ചയുടെ സ്വഭാവം പരിശോധിച്ച ഡോക്ടർമാർ കാർസിനോയിഡ് ട്യൂമറാകാമെന്ന് സംശയിച്ചു.
തടസ്സം നീക്കുന്നതിനായി സ്നേർ, ക്രയോപ്രോബ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് വളർച്ച നീക്കം ചെയ്യാൻ ശ്രമിച്ചു. ഇതിനിടെ വീക്കം ബാധിച്ച കലകൾ മാറ്റിയപ്പോഴാണ് ഉള്ളിൽ കട്ടിയുള്ള വെളുത്ത വസ്തു ശ്രദ്ധയിൽപ്പെട്ടത്.
മിനുസമുള്ളതും കാൽസ്യം അടിഞ്ഞതുമായ ഈ വസ്തു ക്രയോപ്രോബ് ഉപയോഗിച്ച് പുറത്തെടുക്കാൻ സാധിച്ചില്ല. ഒടുവിൽ ഫോർസെപ്സ്, റിട്രീവൽ ബാസ്കറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ പല ശ്രമങ്ങൾക്കുശേഷം ഇത് പുറത്തെടുത്തു. വിശദമായ പരിശോധനയിലാണ് അത് മനുഷ്യപ്പല്ലാണെന്ന് വ്യക്തമായത്.
നേരത്തെ നടത്തിയ സി.ടി. സ്കാനിലും വലത് ശ്വാസകോശത്തിന്റെ താഴ്ഭാഗത്തുള്ള ചെറിയ ശ്വാസനാളത്തിൽ തടസ്സവും വീക്കവും കണ്ടെത്തിയിരുന്നു. ഈ അസ്വാഭാവികതകളാണ് ശ്വാസകോശത്തിൽ ട്യൂമർ ഉണ്ടാകാമെന്ന സംശയത്തിലേക്ക് ഡോക്ടർമാരെ നയിച്ചത്.



