തൃശൂർ : ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രക്കുളത്തിലാണ് അപകടം. ക്ഷേത്രത്തിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രദീപ്–സജിത ദമ്പതികളുടെ മക്കളായ സായ്ദീപ്, സായ് കൃഷ്ണ എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. സായ്ദീപ് മൂന്നാം ക്ലാസിലും സായ് കൃഷ്ണ ഒന്നാം ക്ലാസിലുമാണ് പഠിച്ചിരുന്നത്. സ്കൂൾ വിട്ടെത്തിയ കുട്ടികളെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ ക്ഷേത്രക്കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തി.
തുടർന്ന് നടത്തിയ പരിശോധനയിൽ കുളത്തിൽനിന്ന് കുട്ടികളെ പുറത്തെടുത്ത് ശാന്തി നഴ്സിങ് ഹോമിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



