കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഒങ്കോളജി ഐസിയുവിൽ ദുരിതം. രണ്ടാഴ്ചയായി എസി തകരാറിലായിട്ട്. 16 കിടക്കകളുള്ള ഐസിയുവിൽ കീമോതെറാപ്പി കഴിഞ്ഞ രോഗികളടക്കമാണ് കഴിയുന്നത്.
എസിക്ക് പകരം ഫാനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചൂട് താങ്ങാനാകുന്നില്ലെന്നാണ് രോഗികൾ പറയുന്നത്. ആശുപത്രിയുടെ അഞ്ചാം നിലയിലാണ് ഓങ്കോളജി ഐസിയു പ്രവർത്തിക്കുന്നത്. കീമോതെറാപ്പിക്ക് ശേഷം ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് എസിയുടെ അഭാവം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
എസിയുടെ കംപ്രസർ തകരാറിലായതാണ് പ്രശ്നത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പുതിയ കംപ്രസറിനായി ഓർഡർ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഐസിയുവിലെ രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് തകരാർ എത്രയും വേഗം പരിഹരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.



