Wednesday, June 17, 2026
spot_imgspot_imgspot_img
HomeLatest Updates15-ാം വയസ്സിൽ വന്ന മുഴ അവഗണിച്ചു; ബ്രസ്റ്റ് കാന്‍സര്‍ മൂന്നാം ഘട്ടത്തിലാണ്; കീമോ തുടങ്ങണം'; രോഗവിവരം...

15-ാം വയസ്സിൽ വന്ന മുഴ അവഗണിച്ചു; ബ്രസ്റ്റ് കാന്‍സര്‍ മൂന്നാം ഘട്ടത്തിലാണ്; കീമോ തുടങ്ങണം’; രോഗവിവരം വെളിപ്പെടുത്തി രേണു സുധി

ഹാസ്യനടൻ കൊല്ലം സുധിയുടെ ഭാര്യയായിരുന്ന രേണു, ജീവിതത്തിലെ കഠിനമായ നഷ്ടങ്ങൾക്കിടയിലും സ്വയം നിലകൊണ്ട വ്യക്തിത്വമാണ്.പിന്തുണയും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയ വ്യക്തികൂടിയാണ് രേണു. ഇപ്പോഴിതാ തനിക്ക് ക്യാൻസർ ബാധിച്ച വിവരം ഔദ്യോഗികമായി വെളിപ്പെടുത്തി. രോഗം ഇപ്പോൾ മൂന്നാം ഘട്ടത്തിലാണെന്നും (സ്റ്റേജ് 3) ഉടൻ തന്നെ കീമോതെറാപ്പി ചികിത്സ ആരംഭിക്കുമെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു വ്യക്തമാക്കി.

“എനിക്ക് 15 വയസ്സുള്ളപ്പോഴാണ് ആദ്യമായി സ്തനത്തിൽ ഒരു മുഴ ശ്രദ്ധയിൽപ്പെടുന്നത്. അന്ന് കുട്ടിക്കാലത്തെ അറിവില്ലായ്മ കൊണ്ട് ഞാനത് കാര്യമാക്കിയിരുന്നില്ല, വീട്ടുകാരോടും പറഞ്ഞില്ല. പിന്നീട് ഡിപ്ലോമയ്ക്ക് പഠിക്കുമ്പോഴാണ് വീട്ടുകാർ ഇതറിയുന്നത്. അവർ എന്നെ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ബയോപ്സി ചെയ്തു. ഇപ്പോൾ വലിയ പ്രശ്നമില്ലെങ്കിലും ഭാവിയിൽ ഇത് കാൻസറായി മാറാൻ സാധ്യതയുണ്ടെന്ന് അന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആ സമയത്ത് എനിക്ക് അപ്പൻഡിസൈറ്റിസ് ഓപ്പറേഷൻ കഴിഞ്ഞു നിൽക്കുകയായിരുന്നു. ആ വേദനയുടെ പേടി കാരണം പിന്നീട് ഞാനിത് വീട്ടിൽ ഒളിച്ചുവെക്കുകയായിരുന്നു,” രേണു പറഞ്ഞു.

തുടർന്ന് അടുത്ത് നടത്തിയ ഒരു മെഡിക്കൽ പരിശോധനയിലാണ് രോഗം വീണ്ടും വില്ലനായി എത്തിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആദ്യം സ്കാനിംഗും പിന്നീട് മാമ്മോഗ്രാമും (Mammogram) ചെയ്തു. അതിലും സംശയം തോന്നിയതോടെയാണ് ബയോപ്സി ചെയ്യാൻ ഡോക്ടർ ആവശ്യപ്പെടുന്നത്. “ബയോപ്സി റിസൾട്ട് ഞാൻ ഒറ്റയ്ക്കാണ് പോയി വാങ്ങിയത്. കാൻസർ ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല. ആ റിസൾട്ട് വീട്ടിൽ കൊണ്ടുവന്ന് രണ്ടു മൂന്ന് ദിവസം ഒരു മനുഷ്യനോടും പറയാതെ ഭദ്രമായി വെച്ചു. മാനേജർ കരിഷ്മ സംശയം തോന്നി ചോദിച്ചപ്പോഴാണ് അവളോട് പറയുന്നത്. കരിഷ്മയാണ് ഈ വിവരം എന്റെ ചേച്ചിയെ അറിയിക്കുന്നത്,” രേണു വെളിപ്പെടുത്തി.

തുടർന്ന് വിദഗ്ദ്ധ പരിശോധനകൾക്കായി സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. രണ്ട് സ്ഥലങ്ങളിലും കാൻസർ തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രോഗം മൂന്നാമത്തെ സ്റ്റേജ് കഴിയുന്ന ഘട്ടത്തിലേക്ക് എത്തിയെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. എത്രയും വേഗം തന്നെ കീമോതെറാപ്പി (Chemotherapy) ചികിത്സകൾ ആരംഭിക്കണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഇതിനായുള്ള മെഡിക്കൽ നടപടികളിലേക്ക് കടക്കുമെന്നും രേണു അഭിമുഖത്തിൽ വ്യക്തമാക്കി.

“മുന്നോട്ട് നമുക്ക് ജീവിക്കണം എന്നൊരു ഒറ്റ ചിന്ത മാത്രമാണ് ഇപ്പോൾ എന്നെ നയിക്കുന്നത്. എന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന ഒപ്പമുണ്ടാകും എന്ന് ഉറപ്പുണ്ട്. ഒപ്പം പെൺകുട്ടികളോട് എനിക്ക് പറയാനുള്ളത്, ശരീരത്തിൽ വേദനയില്ലാത്ത മുഴകൾ കണ്ടാൽ ദയവായി ശ്രദ്ധിക്കുക. വേദനയില്ലല്ലോ എന്ന് കരുതി അത് വെച്ചുകൊണ്ടിരിക്കരുത്, ഉടൻ തന്നെ ഡോക്ടറെ കാണണം,” രേണു സുധി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments