ദില്ലി : തുഗ്ലക്കാബാധിൽ ഇന്ന് പുലർച്ചെ വൻ തീപിടുത്തം ഉണ്ടായി. മൂന്ന് പേർ മരിച്ചു. സൗത്ത് ഈസ്റ്റ് ദില്ലിയിൽ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിൽ ആണ് തീ പിടുത്തം ഉണ്ടായത്. ഇവിടുത്തെ നയാ താര അപ്പാർട്ട്മെന്റിന് സമീപമുള്ള ഗലി നമ്പർ ഒന്നിലെ ഒരു ബഹുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. ഓക്ലാ ഫയർ സ്റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശം.
അഞ്ച് നില കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നാണ് തീ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. സ്കൂട്ടറുകൾ ,രണ്ട് മോട്ടോർ സൈക്കിളുകൾ ഒരു സൈക്കിൾ എന്നിവ പൂർണമായും കത്തി നശിച്ചു. കെട്ടിടം ഇരിക്കുന്നത് ഇടുങ്ങിയ തെരുവിൽ ആയതുകൊണ്ട് ഫയർ എൻജിനുകൾ ഇവിടെയെത്താൻ പ്രയാസപെട്ടു. എങ്കിലും പുലർച്ചെ മൂന്നു നാല്പത്തഞ്ചോടെ തീ പിടുത്തം പൂർണ്ണമായും നിയന്ത്രണം വിധേയമാക്കാൻ ഫയർഫോഴ്സിന് കഴിഞ്ഞു. വാഹനങ്ങൾ കത്തിയതിനെ തുടർന്നുണ്ടായ പുകയിൽ പലർക്കും പുറത്തേക്ക് വരാൻ കഴിയാതെ ടെറസിലേക്ക് കൂടി. രണ്ടു പെൺകുട്ടികൾ അടക്കം ആറോളം പേരെ ഫയർഫോഴ്സ് രക്ഷിച്ചു. എട്ടോളം പേർ ആംബുലൻസുകളുടെ സഹായത്തോടെ എയിംസ് ട്രോമ സെൻററിലേക്ക് മാറ്റി.
തീപിടുത്തം ഉണ്ടായത് പുലർച്ചയായതിനാൽ എല്ലാവരും ഉറക്കത്തിലായിരുന്നു. അതുകൊണ്ടുതന്നെ പലരും കെട്ടടത്തിനുള്ളിൽ കുടുങ്ങി പോയി. തീപിടുത്തത്തിന്റെ പിന്നിലെ കാരണം അറിയാൻ ദില്ലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



