ഇടവപ്പാതിയിലെ മഴയിൽ ആർത്തുല്ലസിച്ച് ആരവത്തോടെ വരുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. അത്തരത്തിലുള്ള ഒന്നാണ് അരുവിക്കുഴി വെള്ളച്ചാട്ടം.പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യമാണിത് മഴക്കാലത്താണ് ഈ വെള്ളച്ചാട്ടത്തിന്റെ പൂർണ്ണ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നത്. വേനൽക്കാലത്ത് ഇവിടം വറ്റിപ്പോകും. കുറച്ചു വെള്ളം മാത്രം ചിലപ്പോൾ കാണാം. അതുകൊണ്ട് മഴക്കാലത്ത് വെള്ളച്ചാട്ടം കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്.

കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തിലാണ് അരുവിക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.പാറകെട്ടുകൾക്കിടയിലൂടെ തട്ട് തട്ടായി ഒഴുകുന്ന വെള്ളച്ചാട്ടമാണിത്. വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കാൻ പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ വാച്ച് ടവറും കോഫി ഷോപ്പും ഉണ്ട്.നടപ്പാലത്തിൽ നിന്നു വെള്ളച്ചാട്ടത്തിന്റെ മനോഹരമായ ഭംഗി ആസ്വദിക്കാം. നിരവധി ഫോട്ടോ ഷൂട്ടുകൾക്ക് ഇവിടം വേദി ആകാറുണ്ട് . കുട്ടികൾക്കുംകുടുംബത്തോടും ഒപ്പം വരാൻ പറ്റിയ സ്ഥലമാണിത്.പള്ളിക്കത്തോട്- കൂരോപ്പട റോഡിൽ കൂടി യാത്ര ചെയ്യുമ്പോൾ ഈ വെള്ളച്ചാട്ടം കാണാൻ സാധിക്കും. ഇവിടെ അടുക്കുമ്പോൾ തന്നെ വെള്ളച്ചാട്ടത്തിന്റെ ഇരുമ്പലുകൾ കേൾക്കാം

രണ്ട് ചെറു തോടുകൾ കൂടിച്ചേർന്നാണ് ഈ വെള്ളച്ചാട്ടം ഉണ്ടാകുന്നത്. അരുവിക്കുഴി തോട്ടിലെ വെള്ളച്ചാട്ടം എന്ന് പ്രാദേശികമായി പറയാറുണ്ടെങ്കിലും ഡിടിപിസി ഏറ്റെടുത്തതിൽ പിന്നെ അരുവിക്കുഴി വെള്ളച്ചാട്ടം എന്ന പേരിലാണ് അറിയപ്പെടുന്നത്. അതുകൊണ്ട് ഇവിടെ കയറണമെങ്കിൽ ടിക്കറ്റ് എടുക്കണം. അഞ്ചു വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.

കോട്ടയത്ത് നിന്ന് 25 കിലോമീറ്ററും പള്ളിക്കത്തോട്ടിൽ നിന്ന് രണ്ട് കിലോമീറ്ററുമാണ് അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ സ്പോട്ടിൽ എത്താൻ. രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെയാണ് പ്രവേശനം ഉള്ളത്. റബർ തോട്ടങ്ങൾക്കിടയിലാണ് അരുവിക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തീരെ ഉൾപ്രദേശം അല്ലാത്തതുകൊണ്ടും മെയിൻ റോഡ് സൈഡ് ആയതുകൊണ്ടും നിരവധി ആളുകൾ ഈ വെള്ളച്ചാട്ടം കാണാൻ വരുന്നു. അപകടം കുറഞ്ഞ സ്ഥലം ആണെങ്കിലും വെള്ളച്ചാട്ടം ഉള്ള പ്രദേശങ്ങളിൽ പോകുമ്പോൾ കാണിക്കേണ്ട ശ്രദ്ധയും കരുതലും ഇവിടെയും ഉണ്ടാവേണ്ടതാണ് ..



