ഇടുക്കി : നെടുങ്കണ്ടത്ത് പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. പൊന്നുട്ടയിൽ മേരിയുടെ വീട്ടുവളപ്പിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മേരിയെയും (70) മകൻ റെജിയെയും (48) കുറച്ചു ദിവസമായി കാണാനില്ലായിരുന്നു. മേരിയുടെ മകൾ സിനിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് വീട്ടുവളപ്പിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മേരിക്കുട്ടിയും രണ്ട് ആൺമക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. മേരിക്കുട്ടിയേയും മൂത്ത മകൻ റെജിയേയും ഒരുമാസത്തോളമായി കാണാനില്ലായിരുന്നു. ഇരുവരെയും ഇവിടെ കൊന്നുകുഴിച്ചുമൂടിയതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.
ഇഞ്ചിക്ക് തടമെടുത്ത് പോലെ മണ്ണ് മാറ്റിയിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഒരു കാലിൻ്റെ ഭാഗം പുറത്തായത്. അതേസമയം രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് എസ്പി പറഞ്ഞു. കാണാതായ മറിയക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാൻ പോസ്റ്റുമോർട്ടം പരിശോധന വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവരെയും ഏപ്രിൽ 9 വരെ ആളുകൾ നേരിൽ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.



