ഈസ്റ്റർ എന്നാൽ അത് പ്രാർത്ഥനകളിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് കുടുംബങ്ങളുടെ ഒത്തുചേരൽ കൂടിയാണ്. രുചികരമായ ഭക്ഷണങ്ങളിലൂടെയും കുടുംബാംഗങ്ങളുടെ ഒത്തുചേരലുകളിലൂടെയും വലിയൊരു വിരുന്നായി തന്നെ ഈസ്റ്റര് മാറാറുണ്ട്. എല്ലാ വീടുകളിലും ഈസ്റ്റർ ദിനത്തിലെ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും വിഭവസമൃദ്ധമായിരിക്കും. വ്യത്യസ്തമായ ഭക്ഷണരീതികളാണ് ഓരോ സ്ഥലത്തെയും. എങ്കിലും മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ കുടുംബങ്ങളിൽ, പ്രത്യേകിച്ച് കോട്ടയം ഭാഗങ്ങളിൽ ഈസ്റ്റർ വിരുന്നിലെ താരം ‘പിടിയും കോഴിക്കറിയും’ തന്നെയാണ്.
നാരുകള്‍ പ്രോട്ടീനുകള്‍ കാര്‍ബോഹൈഡ്രേറ്റ് എന്നിവകൊണ്ടൊക്കെ സമ്പുഷ്ടമായ വിഭവമാണിത്. അരിപ്പൊടിയും തേങ്ങയും ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമാണ് പിടി. കോഴിക്കറിയോടൊപ്പം ചേര്‍ത്താകുമ്പോള്‍ ഇത് രുചിയില്‍ ഒരുപടികൂടി മുന്നില്‍ നില്‍ക്കും. എങ്ങനെയാണ് പിടിയും വറുത്തരച്ച കോഴിയും തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍
അരിപ്പൊടി (നേരിയ തരിപ്പരുവത്തില്‍)- ഒരു കിലോ
തേങ്ങാപ്പീര- ഒന്നര തേങ്ങയുടേത്
ജീരകം- ഒരു ചെറിയ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
അരിപ്പൊടിയും തേങ്ങാപ്പീരയും ചേര്‍ത്തു വറുക്കുക. ചുവപ്പു നിറമാകുന്നതിനു മുന്‍പു വാങ്ങിവയ്ക്കണം. ഒരു കപ്പ് വറുത്ത പൊടിക്കു രണ്ടു കപ്പ് എന്ന കണക്കില്‍ വെള്ളം തിളപ്പിക്കണം. ജീരകം ചേര്‍ത്താണു വെള്ളം തിളപ്പിക്കേണ്ടത്. തിളപ്പിച്ച വെള്ളം ഒഴിച്ച്, വറുത്തപൊടി ചൂടോടെ കുഴച്ചെടുക്കണം. കൊഴുക്കട്ടയൊക്കെ ഉണ്ടാക്കുന്നതിന് കുഴക്കുന്നതു പോലെ. തുടര്‍ന്ന്, അരിപ്പൊടി മിശ്രിതം ചൂടോടെ കൈവെള്ളയില്‍വച്ചു ചെറിയ ഉരുളകളാക്കണം.
ജീരകവെള്ളം ബാക്കിയുണ്ടെങ്കില്‍ അതിലേക്ക് ഒന്നര കപ്പ് വെള്ളംകൂടി ചേര്‍ത്തു വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ പിടികള്‍ അതിലേക്ക് ഇടണം. അഞ്ചു മിനിറ്റുകൂടി തിളപ്പിച്ചശേഷം മാത്രം ഇളക്കാന്‍ തുടങ്ങുക. ഈ പിടികള്‍ ഉടഞ്ഞു പോകാതെ വേണം ഇളക്കാന്‍. പിടി കുറുകി വരുന്നതുവരെ വേവിക്കണം. ഉരുളകള്‍ മുകളില്‍ തെളിഞ്ഞു കാണണം. ഇത് മാറ്റി വയ്ക്കാം

കോഴിക്കറി
ചേരുവകൾ
കോഴി- 1/2 കിലോ
മുളകുപൊടി- 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
മല്ലിപ്പൊടി- 2 ടീസ്പൂൺ
കുരുമുളകുപൊടി- 1/2 ടീസ്പൂൺ
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി- 8
കറുവാപ്പട്ട- 1 കഷ്ണം
ഗ്രാമ്പൂ- 4
ഏലയ്ക്ക- 4
തക്കോലം- 1
തേങ്ങാപ്പാൽ- 2 കപ്പ്
സവാള- 2
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഏലയ്ക്ക, തക്കോലം, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ചതച്ചു ചേർത്ത് കോഴിയിറച്ചി വേവിക്കാം.
ഒരു പാനിൽ സവാള, കറിവേപ്പില, വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, എന്നിവ ചേർത്തു വഴറ്റാം.
പച്ചക്കറികളുടെ നിറം മാറി വരുമ്പോൾ പാതി വെന്ത ചിക്കൻ കഷ്ണങ്ങൾ ചേർക്കാം.
തുടർന്ന് ഇതിലേയ്ക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്തു തിളപ്പിക്കാം.
പാകത്തിന് ഉപ്പും ചേർത്തിളക്കാം.
കുറുകി വരുമ്പോൾ അടുപ്പണച്ച് മുകളിൽ മല്ലിയല വിതറി ചൂടോടെ പിടിക്കൊപ്പം വിളമ്പാം.



