നടി നവ്യ നായരുടെ ഭർതൃമാതാവ് ശാന്താ മേനോൻ അന്തരിച്ചു. താരം തന്നെയാണ് വിവരം ഹൃദയസ്പർശിയായ ഒരു പോസ്റ്റിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘അങ്ങനെ ആ വിളക്ക് അണഞ്ഞു’ എന്നാണ് വേദനയോടെ നവ്യ കുറിച്ചത്.
“അങ്ങനെ ആ വിളക്ക് അണഞ്ഞു.
എന്നും ഏതിനും ധൈര്യമായിരുന്നു, മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു, എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു. അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു.
എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു, എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു.
“മക്കളേ.. “ ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു.. “മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ “
നിത്യ ശാന്തി നേരുന്നു,” നവ്യ കുറിച്ചു.
അതേസമയം നവ്യ നായരുടെ ഭര്‍ത്താവ് സന്തോഷ് മേനോനും അമ്മയുടെ വിയോഗ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. “എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് ചങ്ങനാശ്ശേരിയിലെ പെരുനയ് വീട്ടില്‍ വച്ച് നടക്കും,” എന്നാണ് സന്തോഷ് കുറിച്ചത്. ഏറെ നാളായി ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സന്തോഷിന്റെ അമ്മ.
2010 ല്‍ ആയിരുന്നു നവ്യ നായരുടെയും സന്തോഷ് മേനോന്റെയും വിവാഹം.



