പുതുചരിത്രമെഴുതി ടീം ഇന്ത്യ; ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്മാര്, സഞ്ജു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്, ബുംറ പ്ലെയര്‍ ഓഫ് ദ മാച്ച്
അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം. 2007ലെ ആദ്യ ടി20 ലോകകപ്പ് ധോണിയുടെ നേതൃത്വത്തില്‍ സ്വന്തമാക്കിയ ടീം ഇന്ത്യ 2024ല്‍ നടന്ന ടി20 ലോകകപ്പ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലും സ്വന്തമാക്കിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സഞ്ജു സാംസണും അഭിഷേക് ശര്‍മയും മിന്നും തുടക്കമാണ് നല്‍കിയത്. 7 ഓവറില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സഖ്യം പിരിയുന്നത്.
തുടര്‍ന്നെത്തിയ ഇഷാന് കിഷനും ആക്രമിച്ച് കളിച്ചതോടെ സ്കോറിംഗ് അതിവേഗം ഉയര്‍ന്നു. മൂന്നാം മല്‍സരത്തിലും മികച്ച ബാറ്റിംഗ് പുറത്തെടുത്ത സഞ്ജു തുടര്‍ച്ചയായ മൂന്നു സിക്സുകളിലൂടെ സ്കോറിംഗ് അതിവേഗം ഉയര്‍ത്തി.
എന്നാല്‍ ജെയിംസ് നീഷമിന്റെ ഫുള്‍ടോസില്‍ ആഞ്ഞടിച്ച സഞ്ജുവിന് പിഴച്ചു. 46 പന്തില്‍ 89 റണ്‍സ് എടുത്തു പുറത്താകും മുന്‍പ് സഞ്ജു ടീമിന് മികച്ച സ്കോര്‍ സമ്മാനിച്ചിരുന്നു. അതേ ഓവറില്‍ തന്നെ മികച്ച സ്ട്രൈക്ക് റേറ്റോടെ കളിക്കുകയായിരുന്ന ഇഷാന് കിഷനെയും നായകന് സൂര്യകുമാറിനെയും ജെയിംസ് മടക്കി കളിയിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ചുവെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ദുബെ ടീം സ്കോര്‍ 255ല്‍ എത്തിച്ചു.
മറുപടി ബാറ്റിങിനെത്തിയ ന്യൂസിലന്‍ഡിനെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടി ഇന്ത്യ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒടുവില്‍ കിവികളുടെ പോരാട്ടം 19 ഓവറില്‍ 159 റണ്‍സിന് അവസാനിച്ചു.
നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംമ്രയാണ് കിവീസിന്റെ ചിറകരിഞ്ഞത്. മൂന്ന് വിക്കറ്റ് നേടി അഷ്കര്‍ പട്ടേലും നിര്‍ണായക പിന്തുണയേകി.
26 പന്തില്‍ 52 റണ്‍സ് നേടി സീഫെര്‍ട്ട് ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍. നായകന് മിച്ചല്‍ സാന്റ്നര്‍ 43 റണ്‍സ് നേടി.
മൂന്നാം കിരീട നേട്ടത്തിലൂടെ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായെന്ന നേട്ടവും ഇന്ത്യന്‍ ടീമിന് സ്വന്തമാകുകയാണ്.



