കൊല്ലം : കായൽക്കാറ്റേറ്റ് അൽപനേരം വിശ്രമിക്കാം, വെള്ളത്തിലിറങ്ങി കാൽ നനയ്ക്കാം, കക്കയും ചിപ്പിയും പെറുക്കാം, ചെറുമീനുകളെ പിടിക്കാം… പ്രകൃതിയോട് ചേർന്ന് സമയം ചെലവഴിക്കാനെത്തുന്നവരുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് കൊല്ലത്തെ സാമ്പ്രാണിക്കോടി. അഷ്ടമുടിക്കായലിന്റെ മനോഹാരിതയും കണ്ടൽക്കാടുകളുടെ പച്ചപ്പും ഗ്രാമീണ ജീവിതത്തിന്റെ കാഴ്ചകളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സാമ്പ്രാണിക്കോടി. പ്രാക്കുളം കായലിന്റെ തെക്കേ മുനമ്പായ ഇവിടെ റോഡിലൂടെയും കായലിലൂടെയും എത്തിച്ചേരാം. അഞ്ചാലുംമൂട്ടിൽനിന്ന് സാമ്പ്രാണിക്കോടിയിലേക്ക് എത്തുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് സാമ്പ്രാണിക്കോടി മത്സ്യലേല ഹാളാണ്.
പണ്ട് ചെറുകപ്പലുകൾ ചരക്കുകൾ കയറ്റാനും ഇറക്കാനും നങ്കൂരമിട്ടിരുന്ന തീരമായിരുന്നു ഇവിടമെന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് ഇവിടെ എത്തിയിരുന്ന ചൈനീസ് ചെറുകപ്പലുകൾക്ക് ‘ചാമ്പ്രാണി’ എന്നായിരുന്നു വിളിപ്പേരെന്നും അതിൽനിന്നാണ് സാമ്പ്രാണിക്കോടി എന്ന പേര് വന്നതെന്നുമാണ് ഒരു വായ്മൊഴി. സാമ്പ്രാണി മരങ്ങൾ വളർന്നിരുന്ന പ്രദേശമായതിനാലാണ് ഈ പേര് ലഭിച്ചതെന്നാണ് മറ്റൊരു അഭിപ്രായം. പേരിനു പിന്നിലെ കഥകൾ പലതുണ്ടെങ്കിലും പ്രദേശത്തിന്റെ പ്രകൃതിഭംഗി തന്നെയാണ് ഇന്നത്തെ പ്രധാന ആകർഷണം.
മത്സ്യത്തൊഴിലാളികളും സാധാരണക്കാരും താമസിക്കുന്ന പ്രദേശത്തേക്ക് ഇപ്പോൾ ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കായലിലൂടെയുള്ള യാത്രയ്ക്കൊപ്പം പ്രകൃതിദൃശ്യങ്ങളും മത്സ്യത്തൊഴിലാളികളുടെ ജീവിതവും അടുത്തറിയാനും സന്ദർശകർക്ക് കഴിയുന്നു.

സൂര്യാസ്തമയം കാണാനും കായൽക്കാഴ്ചകൾ ആസ്വദിക്കാനും സമയം ചെലവഴിക്കാനും കഴിയുന്ന ഇടമെന്ന നിലയിൽ സാമ്പ്രാണിക്കോടിക്ക് സമൂഹമാധ്യമങ്ങളിലും കൂടുതൽ ശ്രദ്ധ ലഭിക്കുന്നുണ്ട്. അഷ്ടമുടിക്കായലും കല്ലടയാറും ചേരുന്നിടത് ചെമ്മീന്‍ കെട്ടും കണ്ടല്‍ക്കാടും കണ്ട്, പാലങ്ങൾ കടന്നു കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും താണ്ടി തോടിന്റെ കൈവഴികളിലൂടെ ഒരു വഞ്ചിയാത്ര.
കൂടാതെ വൈവിദ്യമാര്‍ന്ന മീന്‍രുചികളും ഇവിടെ ആസ്വദിക്കാം. കൂടാതെ ഇവിടങ്ങളിൽ മാത്രം കാണപ്പെടുന്ന ചില പ്രത്യേകതരം മീനും കൂട്ടി വിഭവസമൃദ്ധമായി ഇവിടത്തെ റിസോർട്ടുകളിൽ നിന്നും ഹോംസ്റ്റേകളില്‍ നിന്നും ഭക്ഷണം കഴിക്കാം. വിനോദ സഞ്ചാരികളുടെ മാത്രമല്ല വെഡിങ്ങ് ഫൊട്ടോഗ്രാഫിയുടെയും സിനിമാ ചിത്രീകരണങ്ങളുടെയും ഈറ്റില്ലം കൂടിയാണ് സാമ്പ്രാണിക്കോടി.

യൂട്യൂബ് ട്രാവൽ വ്ലോഗുകളിലും സോഷ്യൽ മീഡിയ റീലുകളിലും ഇവിടത്തെ ദൃശ്യങ്ങൾ എത്തിയതോടെ കൂടുതൽ പേർ ഈ പ്രദേശത്തെക്കുറിച്ച് അന്വേഷിച്ച് എത്തുന്നുണ്ട്.

കായലും കണ്ടൽക്കാടുകളും ഗ്രാമീണ ജീവിതവും നേരിട്ടറിയാൻ കഴിയുന്ന അനുഭവമാണ് സാമ്പ്രാണിക്കോടിയെ വേറിട്ടുനിർത്തുന്നത്. പ്രകൃതിയുടെ ഭംഗി ആസ്വദിക്കാനും തിരക്കുകളിൽനിന്ന് മാറി കുറച്ചുസമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക് പുതിയൊരു യാത്രാ കേന്ദ്രമായി മാറുകയാണ് ഈ കായൽത്തീരം.



